തുടക്കം മുതലേ അന്വേഷണത്തിലും മൊഴിയെടുക്കലിലും വീഴ്ച പറ്റിയെന്ന് സൂചനകളുണ്ടായിരുന്നു. മൊഴികളും സാഹചര്യത്തെളിവുകളും ദുർബലമായ കേസ് ഈ രീതിയിൽ ആകും എന്ന് അന്നേ സംശയം ഉണ്ടായിരുന്നു എന്നും മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

പാലക്കാട്: വാളയാർ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന തന്നെ പെട്ടെന്ന് മാറ്റിയത് എന്തിനെന്നറിയില്ലെന്ന് അഡ്വ. ജലജ മാധവൻ പറഞ്ഞു. മൂന്നു മാസത്തിനകം തന്നെ മാറ്റുകയായിരുന്നു. തുടക്കം മുതലേ അന്വേഷണത്തിലും മൊഴിയെടുക്കലിലും വീഴ്ച പറ്റിയെന്ന് സൂചനകളുണ്ടായിരുന്നു. മൊഴികളും സാഹചര്യത്തെളിവുകളും ദുർബലമായ കേസ് ഈ രീതിയിൽ ആകും എന്ന് അന്നേ സംശയം ഉണ്ടായിരുന്നു എന്നും ജലജ മാധവന്‍ പറഞ്ഞു. 

അതേസമയം, വാളയാർ പീഡന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട്‌ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രംഗത്തെത്തി. പോസ്കോ കേസ് വനിതാ കമ്മീഷന്‍റെ പരിധിയിൽ വരുന്നതല്ല എങ്കിലും കേസിൽ ഇടപെടുകയാണെന്ന് ജോസഫൈന്‍ പറഞ്ഞു. അന്വോഷണത്തില്‍ പ്രോസിക്യൂഷന് വീഴ്ച്ച ഉണ്ടായിട്ടുണ്ട്. തെളിവ് നിയമവും ക്രിമിനൽ നിയമവും പൊളിച്ചെഴുതണം. സിഡബ്ല്യുസി ചെയർമാനെ നിയമിച്ചതിൽ ഗുരുതര വീഴ്ച ഉണ്ടായി. പ്രതികൾ ഏത് പാർട്ടിക്കാർ ആണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. 

Read More: സിഡബ്ല്യുസി ചെയര്‍മാനായ ശേഷവും രാജേഷ് പ്രതികള്‍ക്കായി ഹാജരായെന്ന് ശാലിനി

വാളയാര്‍ സംഭവത്തില്‍ പ്രതികൾക്ക് രക്ഷപ്പെടാൻ എല്ലാ പഴുതും ഒരുക്കി കൊടുത്തത് പൊലീസാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചിരുന്നു. പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത് . പട്ടികജാതി
പട്ടികവര്‍ഗക്കാരെ സംരക്ഷിക്കാനാകാത്ത മന്ത്രി എകെ ബാലൻ അവരുടെ കാലനായി മാറി . രാജിവച്ച് മന്ത്രി ദലിതരോട് മാപ്പ് പറയണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. 

Read More: വാളയാര്‍ കേസില്‍ ഇതുവരെ എന്താണ് സംഭവിച്ചത്? ആരാണ് ആ കുട്ടികള്‍ക്ക് നീതി നിഷേധിക്കുന്നത്?

നേരത്തെ, വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. കഴുക്കോലില്‍ തൂങ്ങിയാടുന്ന രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ കേരള മന:സാക്ഷിക്ക് മുമ്പില്‍ മൊമ്പരച്ചിത്രമായി നില്‍ക്കുകയാണെന്നാണ് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

Read More: 'വാളയാറിലെ കുഞ്ഞുങ്ങൾക്കായി ജ്വലിക്കട്ടെ പ്രതിഷേധം'; നീതി വേണമെന്ന് വി മുരളീധരന്‍