ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കൂടി ആശിർവാദത്തോടെയാണ് നീക്കം. ആരോടും തൊട്ടുകൂടായ്മയില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നുമായിരുന്നു നേരത്തെ കോൺഗ്രസ് വിട്ട അമരീന്ദർ സിംഗ് പ്രതികരിച്ചത്. 

ദില്ലി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് (Amarinder Singh).ബിജെപിയുമായി (bjp)സഖ്യനീക്കത്തിനെന്ന് സൂചന. പാർട്ടി രൂപീകരണത്തിന് പിന്നാലെ ചർച്ച നടക്കുമെന്ന് റിപ്പോർട്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കൂടി ആശിർവാദത്തോടെയാണ് നീക്കം. ആരോടും തൊട്ടുകൂടായ്മയില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നുമായിരുന്നു നേരത്തെ കോൺഗ്രസ് വിട്ട അമരീന്ദർ സിംഗ് പ്രതികരിച്ചത്. 

പുതിയ പാർട്ടി രൂപീകരണത്തിനുള്ള അമരീന്ദര്‍ സിംഗിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇരുപത് എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന അദ്ദേഹം കര്‍ഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പതിനഞ്ച് ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർസിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാൻഡ് ഇപ്പോഴും തുടരുകയാണ്. 

അതിനിടെ പഞ്ചാബില്‍ പ്രതിസന്ധി തുടരുകയാണെങ്കിലും രാജി തീരുമാനത്തില്‍ നവ്ജോത് സിംഗ് സിദ്ദു ഇത് വരെയും നിലപാടറിയിച്ചിട്ടില്ല. ഡിജിപി, എജി നിയമനങ്ങള്‍ പുന പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടും സിദ്ദുവിന് അനക്കമില്ല. സിദ്ദു നിര്‍ദ്ദേശിച്ച സിദ്ധാര്‍ത്ഥ് ചതോപാധ്യയുടേതടക്കം പേരുള്‍പ്പെടുത്തിയാണ് ഡിജിപിമാരുടെ പട്ടിക സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചിരിക്കുന്നത്. എജിയുടെ നിയമനത്തില്‍ ഹൈക്കാമാന്ഡ് നിലപാടും നിര്‍ണ്ണായകമാകും. വരുന്ന മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനമനുസരിച്ച് രാജി കാര്യത്തില്‍ തുടര്‍നിലപാടെന്നാണ് സിദ്ദുവുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങള്‍ പറയുന്നത്.