സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ, കഴിഞ്ഞ തവണ 11 ജില്ലാ പഞ്ചായത്തുകൾ നേടിയ എൽഡിഎഫിന് തിരിച്ചടി. ഇത്തവണ ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളിൽ ആറിടത്ത് യുഡിഎഫ് ലീഡ് നേടി വലിയ തിരിച്ചുവരവ് നടത്തുകയാണ്. തിരുവനന്തപുരത്ത് എൽഡിഎഫിനും കാസർകോട് യുഡിഎഫിനും മേൽക്കൈ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മിനി എംഎൽഎ പദവിയായി കണക്കാക്കുന്നതാണ് ജില്ലാ പഞ്ചായത്തുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 11 ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫാണ് മുന്നേറിയത്. എന്നാൽ ഇത്തവണ വലിയ തിരിച്ചുവരവാണ് യുഡിഎഫ് ജില്ലാ പഞ്ചായത്തുകളിൽ കാഴ്‌ചവെക്കുന്നത്. ആകെയുള്ള 14 ൽ ആറ് ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡുണ്ട്. 2 ജില്ലകളിൽ കനത്ത പോരാട്ടമാണ്.
കാസർകോട് 18 ഡിവിഷനുകളിൽ 9 സീറ്റിൽ യുഡിഎഫാണ് മുന്നിൽ. എട്ടിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് മുന്നിൽ. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 16 ഡിവിഷനുകളിൽ എൽഡിഎഫും ഒൻപതിടത്ത് യുഡിഎഫുമാണ് മുന്നിൽ. വയനാട് ജില്ലാ പഞ്ചായത്തിൽ 14 ഇടത്ത് യുഡിഎഫാണ് മുന്നിൽ. മൂന്നിടത്താണ് എൽഡിഎഫ് മുന്നിലുള്ളത്. കടുത്ത മത്സരം നടക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 14 ഇടത്തും യുഡിഎഫ് 13 ഇടത്തും ലീഡ് ചെയ്യുന്നു.
മലപ്പുറത്ത് ആകെയുള്ള 33 ഡിവിഷനിൽ 31 ലും യുഡിഎഫാണ് മുന്നിൽ. പാലക്കാട് എൽഡിഎഫിനാണ് മേൽക്കൈ,20 സീറ്റിൽ ലീഡുണ്ട്. 11 ഇടത്ത് യുഡിഎഫിനാണ് ലീഡ്. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ 21 സീറ്റിൽ എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 9 സീറ്റിലാണ് മുന്നിൽ. എറണാകുളത്തെ 28 ൽ 23 സീറ്റിലും യുഡിഎഫാണ് മുന്നിൽ. ഇടുക്കിയിൽ 17 ൽ 14 സീറ്റിലാണ് യുഡിഎഫ് മുന്നേറുന്നത്. കോട്ടയത്ത് 23 ൽ 16 സീറ്റിലും യുഡിഎഫ് മുന്നിലാണ്. ആലപ്പുഴ ജില്ലയിൽ 16 ഇടത്ത് എൽഡിഎഫാണ് മുന്നിൽ. പത്തനംതിട്ടയിൽ 17ൽ 12 സീറ്റിലും യുഡിഎഫ് മുന്നിലുണ്ട്. കൊല്ലം ജില്ലയിൽ 27 ഡിവിഷനിൽ 20 ഇടത്ത് എൽഡിഎഫാണ് മുന്നിൽ. തിരുവനന്തപുരത്ത് 15 ഇടത്ത് എൽഡിഎഫും 12 ഇടത്ത് യുഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് മുന്നിലുള്ളത്. മേൽക്കൈ എൽഡിഎഫിനാണ്.


