കൊല്ലം: വിരമിച്ച് നാല് മാസം പിന്നിട്ടിട്ടും സ്പെഷ്യൽ ബ്രാഞ്ച് മുൻ ഉദ്യോഗസ്ഥന് പെൻഷൻ കിട്ടുന്നില്ല. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് കൊല്ലം ഡിറ്റാച്ച്മെന്‍റില്‍ നിന്ന് വിരമിച്ച എസ്ഐ പി രാജുവാണ് നിത്യ ചെലവുകൾക്കുപോലും വകയില്ലാതെ പെൻഷനുവേണ്ടി അക്കൗണ്ട്സ് ജനറൽ ഓഫീസ് കയറി ഇറങ്ങുന്നത്. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നീതി ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാജു.

ഇക്കഴിഞ്ഞ മെയ് 31നാണ് പി രാജു വിരമിച്ചത്. വിരമിക്കുന്നതിനും ആറ് മാസം മുമ്പ് പെൻഷൻ കിട്ടാനുള്ള നടപടികള്‍ തുടങ്ങി. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചു. അക്കൗണ്ട്സ് ജനറൽ ഓഫീസില്‍ നിന്ന് അറിയിച്ചതനുസരിച്ചുള്ള രേഖകളും നല്‍കി. എന്നാൽ വിരമിച്ച് നാല് മാസം പിന്നിട്ടിട്ടും പെൻഷൻ കിട്ടിയില്ല. പലവട്ടം നേരില്‍പോയി അന്വേഷിച്ചു. പല രേഖകളും കിട്ടിയില്ലെന്ന് പറഞ്ഞെങ്കിലും പരിശോധനയില്‍ രേഖകൾ എജീസ് ഓഫീസില്‍ തന്നെ ഉണ്ടെന്ന് കണ്ടെത്തി. ഉടൻ ശരിയാക്കാമെന്ന് അറിയിച്ചു. എന്നാല്‍ ഒന്നും നടന്നില്ല. ഇതോടെ ദൈനംദിന ചെലവുകള്‍ക്കുപോലും ബുദ്ധിമുട്ടുകയാണ് രാജു.

അച്ചടക്ക നടപടികളൊന്നും നേരിടാത്ത തന്‍റെ പെൻഷൻ എന്ത് കാരണത്താലാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നറിയാനായി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. എന്നിട്ടും അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ചില മുൻഗണനാക്രമങ്ങളുണ്ടെന്നും ഒരുപാട് ഫയലുകള്‍ തീര്‍പ്പാക്കാനുള്ളതിനാലാകും പെൻഷൻ വൈകുന്നതെന്നുമാണ് എജീസ് ഓഫീസിന്‍റെ വിശദീകരണം.