കോഴിക്കോട്: കൈക്കൂലി കേസില്‍ കോഴിക്കോട് ജില്ലാ രജിസ്റ്റര്‍ ഓഫീസിലെ ചിട്ടി ഇന്‍സ്‌പെക്ടര്‍ പികെ ബീനയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും 5ലക്ഷത്തി അയ്യായിരം രൂപ പിഴയും. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് വകുപ്പുകളിലായി ഏഴ് വര്‍ഷവും നാല് വര്‍ഷവും കഠിന തടവും പിഴയുമാണ് ശിക്ഷ. 

രണ്ടും കൂടി ഒരുമിച്ച് ഏഴ് വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2014ല്‍ ചേവായൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്ട്രര്‍ ആയി ജോലി ചെയ്യവേ ആധാരം രജിസ്റ്റര്‍ ചെയ്ത് കിട്ടാനായി പരാതിക്കാരനില്‍ നിന്ന് 5000 രൂപ കൈക്കൂലിയായി നിരന്തരം ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. ജനുവരി 24ന് ആധാരം രജിസ്ട്രര്‍ ചെയ്തതിന് 3000 രൂപയും 28ന് അഞ്ച് ആധാരം കൂടി രജിസ്ട്രര്‍ ചെയ്തതതിന് രണ്ടായിരം രൂപയുമടക്കം 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഭാവിയില്‍ ഏതെങ്കിലും ആധാരം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 5000 രൂപ മുന്‍കൂട്ടി നല്‍കണമെന്നും ഇല്ലെങ്കില്‍ ആധാരം മടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ടായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി പ്രേംദാസിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോഴാണ് തെളിവ് സഹിതം ഇവര്‍ പിടിയിലായത്. പിന്നീട് ഇവരെ റിമാന്‍ഡ് ചെയ്തു. നിലവില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് ഇവരുടെ പേരില്‍ വിജിലന്‍സ് കേസുണ്ട്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും.