Asianet News MalayalamAsianet News Malayalam

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ ഡിസിസിയിലേക്ക്, പരാതി പ്രവാഹം

കെഎസ് ശബരീനാഥന്‍, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി തുടങ്ങി വൈസ് പ്രസിഡന്‍റുമാരായിരുന്ന പ്രധാന നേതാക്കള്‍ക്ക് പുതിയ പദവി ഒന്നുമില്ല. സംസ്ഥാന സെക്രട്ടറിമാരായിരുന്നവര്‍ക്കും ഭാരവാഹിത്വം നല്‍കിയില്ല.

former youth congress leaders get promoted to DCC existing leaders raise complaint etj
Author
First Published Mar 24, 2024, 12:27 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍പേരെ ഭാരവാഹികളാക്കിയതോടെ കോണ്‍ഗ്രസില്‍ പരാതി പ്രവാഹം. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാക്കളെ ഡിസിസി ഭാരവാഹികളാക്കിയതിലാണ് പ്രതിഷേധം. വൈസ് പ്രസി‍ഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പദവി നല്‍കാതെ വന്നതോടെ ദേശീയ നേതൃത്വത്തിന് കൂട്ടമായി പരാതി നല്‍കിയിരിക്കുകയാണ് യൂത്ത് നേതാക്കള്‍.

ഷാഫി പറമ്പില്‍ പ്രസിഡന്‍റായ സംസ്ഥാന കമ്മിറ്റിയിലെ 16 ജനറല്‍ സെക്രട്ടറിമാരെയാണ് അവരവരുടെ ജില്ലയിലെ ഡിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചത്. ജില്ലാ അധ്യക്ഷന്മാരായിരുന്ന 13 പേരെ ഡിസിസി വൈസ് പ്രസിഡന്‍റുമാരുമാക്കി. എന്നാല്‍ കെഎസ് ശബരീനാഥന്‍, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി തുടങ്ങി വൈസ് പ്രസിഡന്‍റുമാരായിരുന്ന പ്രധാന നേതാക്കള്‍ക്ക് പുതിയ പദവി ഒന്നുമില്ല. സംസ്ഥാന സെക്രട്ടറിമാരായിരുന്നവര്‍ക്കും ഭാരവാഹിത്വം നല്‍കിയില്ല.ഇത് അനീതിയെന്ന് കാട്ടിയാണ് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. 

അതേസമയം സജീവമായി പ്രവര്‍ത്തനത്തില്‍ പോലുമില്ലാത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരെ ഡിസിസി ജനറല്‍സെക്രട്ടറിയാക്കിയതും, താരതമ്യേന ജൂനിയര്‍ ആയ നേതാക്കളെ ഡിസിസി ഉപാധ്യക്ഷന്മാരാക്കിയതും ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കളുടെ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. കെപിസിസി ആക്ടിങ് പ്രസി‍‍ഡന്‍റ് എംഎം ഹസനാണ് കഴിഞ്ഞ ദിവസം തീരുമാനം അറിയിച്ചത്. 

ബ്ലോക്ക് മണ്ഡലം പുനസംഘടനയില്‍ ഭാരവാഹിത്വം നഷ്ടമായ പ്രസി‍ഡന്‍റുമാര്‍ക്കും നേരത്തെ മേല്‍ക്കമ്മിറ്റികളില്‍ പദവി നല്‍കിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസി‍ഡന്‍റായ കാലത്തെ കെപിസിസി സെക്രട്ടറിമാരെ വീണ്ടും സെക്രട്ടറിമാരായി നിയമിച്ചതും ആഴ്ചകള്‍ക്ക് മുമ്പാണ്. സജീവ രാഷ്ട്രീയം നിര്‍ത്തിയവര്‍ പോലും പട്ടികയിലുണ്ടായിരുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios