തൃശൂർ: തളിക്കുളം തമ്പാൻ കടവിൽ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി. തമ്പാൻ കടവ് സ്വദേശികളായ ചെമ്പനാടൻ വീട്ടിൽ കുട്ടൻ (60), കുട്ടൻ പാറൻ സുബ്രഹ്മണ്യൻ (60) അറക്കവീട്ടിൽ ഇക്ബാൽ (50) ചെമ്പനാടൻ വിജയൻ (55) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന ഫൈബർ വള്ളത്തിൽ നാല് പേർ മത്സ്യ ബന്ധനത്തിനിറങ്ങിയത്. രാവിലെ 8.30 ഓടെയാണ് വള്ളം മുങ്ങിയതായി മറ്റു മത്സ്യത്തൊഴിലാളികൾക്ക് വിവരം ലഭിക്കുന്നത്. വള്ളത്തിലുള്ളവർ തന്നെയാണ് കരയിലേക്ക് വിവരമറിയിച്ചത്. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കരയിൽ നിന്നും 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വള്ളം മുങ്ങിയിട്ടുള്ളത്. കോസ്റ്റൽ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.