Asianet News MalayalamAsianet News Malayalam

പിണറായി അടക്കം നാല് ഹോട്ട്സ്പോട്ടുകള്‍ കൂടി; ആശങ്കയോടെ സംസ്ഥാനം

കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

four more hot spots in kerala
Author
Thiruvananthapuram, First Published May 25, 2020, 5:23 PM IST

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുന്നതോടെ സംസ്ഥാനത്ത് നാല് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിലേക്ക് മാറ്റി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

18 പേര്‍ വിദേശത്ത് നിന്നും (യുഎഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാന്‍ഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 8390 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയില്‍വേ വഴി 4558 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 97,247 പേരാണ് എത്തിയത്.

Follow Us:
Download App:
  • android
  • ios