കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കുട്ടികളടക്കം നാലു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ആലുവയ്ക്കടുത്ത് പള്ളിക്കര ചിറ്റേനേറ്റുകര വീട്ടില്‍ രാമകൃഷ്ണന്‍ (68), മകള്‍ നിഷ (33), പേരക്കുട്ടികളായ ദേവനന്ദ (മൂന്ന്), നിവേദിത (രണ്ട്) എന്നിവരാണ് മരിച്ചത്.

ദേശീയപാതയില്‍ പെരിഞ്ഞനത്ത് പഞ്ചായത്ത് വളവിന് സമീപം ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു അപകടം. കാറോടിച്ചിരുന്ന നിഷയുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരി മലകുന്നം പ്രശാന്ത് ഭവനില്‍ പ്രമോദ് (40), മകന്‍ അതിദേവ് (7) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമോദ് കോട്ടയം എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറാണ്. മരിച്ച ദേവനന്ദ നിഷയുടെ മകളും നിവേദിത നിഷയുടെ സഹോദരി ഷീനയുടെ മകളുമാണ്. 

അപകടത്തില്‍ പെട്ടവരെ പെരിഞ്ഞനം ലൈഫ് ഗാര്‍ഡിന്‍റെയും എടതിരിഞ്ഞി ലൈഫ് ഗാര്‍ഡിന്‍റെയും പ്രവര്‍ത്തകരാണ് ആശുപത്രികളിലെത്തിച്ചത്. നിഷയും രാമകൃഷ്ണനും ദേവനന്ദയും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും നിവേദിത ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ആശുപത്രിയിലും വെച്ചാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറും എറണാകുളത്ത് നിന്ന് ലോഡുമായി വന്നിരുന്ന ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കാര്‍ നിശേഷം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി തൊട്ടടുത്ത മതിലില്‍ ഇടിച്ച് കയറി. കാര്‍ ഓടിച്ചിരുന്ന പ്രമോദ് ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് നിഗമനം.