കണ്ണൂർ: ന്യൂമാഹിയിൽ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആത്മഹത്യാ കുറിപ്പില്‍ പരാമർശിച്ച ഹെൽത്ത് ഇൻസ്പെക്ടറടക്കം നാലുപേരാണ് പിടിയിലായത്. ക്വാറന്‍റീന്‍ ലംഘിച്ചെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിനാണ് കേസ്. വ്യാജ പ്രചാരണത്തിൽ മനംനൊന്താണ്  ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക ആത്മഹത്യാശ്രമം നടത്തിയത്. രക്തസമ്മർദ്ദം കുറയാനുള്ള 20 ഗുളികകൾ വിഴുങ്ങി ജീവനൊടുക്കാനായിരുന്നു ശ്രമം. 

ബെംഗളൂരുവിൽ നിന്ന് ഈ മാസം 19ന് വന്ന സഹോദരി സമ്പർക്കം പുലർത്തിയവരുമായി ആരോഗ്യപ്രവർത്തക അടുത്ത് ഇടപഴകിയെന്നും ഇവരെ ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോൺഗ്രസ്-ബിജെപി പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം. ഇവർക്ക് സമ്പർക്കമില്ലെന്നും ക്വാറന്‍റീന്‍ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചു. 

കോൺഗ്രസും ബിജെപിയും സമരം തുടങ്ങിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി രക്തസമ്മർദ്ദം കുറയാനുള്ള ഗുളികകൾ അമിതമായി കഴിച്ച് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് തുടങ്ങിയത് മുതൽ ലീവ് പോലുമെടുക്കാതെ ജോലി ചെയ്ത തനിക്കെതിരെ സഹപ്രവർത്തകൻ  അപവാദ പ്രചാരണം നടത്തിയെന്ന് വാട്സപ്പിൽ കുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. സഹപ്രവർത്തകർക്കയച്ച കുറിപ്പിൽ പൊതുപ്രവർത്തകനടക്കം നാല് പേരായിരിക്കും മരിച്ചാൽ ഉത്തരവാദികൾ എന്നുമുണ്ട്.