തൃശ്ശൂർ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായി വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഫോട്ടോയുമായി കാത്തോലിക്ക സഭയുടെ അടുത്ത വർഷത്തെ കലണ്ടർ പുറത്തിറങ്ങി. തൃശ്ശൂർ അതിരൂപത അച്ചടിച്ച പുതുവർഷ കലണ്ടറിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ ചിത്രവും ജന്മദിനവും പ്രാധാന്യത്തോടെ നൽകിയിരിക്കുന്നത്. 

2021 കലണ്ടറിൽ മാർച്ച് മാസത്തിലെ പേജിലാണ് പീഡനക്കേസ് പ്രതിയായ ബിഷപ്പിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാർച്ച് 25-നാണ് ബിഷപ്പിൻ്റെ ജന്മദിനമെന്നും ചിത്രത്തോടൊപ്പം നൽകിയ അടിക്കുറിപ്പിൽ പറയുന്നു. ഫ്രാങ്കോയുടെ ചിത്രം ഉൾപ്പെടുത്തിയ കലണ്ടർ സമൂഹമാധ്യമങ്ങളിലും മറ്റം വൈറലായെങ്കിലും ഇതിൽ അസാധാരണമായി ഒന്നുമില്ലെന്ന നിലപാടിലാണ് കത്തോലിക്ക സഭ. 

പീഡനക്കേസിൽ പ്രതിയായ ഉന്നതവൈദികൻ്റെ ചിത്രം കലണ്ടറിൽ ഉൾപ്പെടുത്തിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് സഭ വിശദീകരിക്കുന്നു. ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് സ്ഥാനത്തു തുടരുന്നുണ്ടെന്നും അദ്ദേഹത്തിനെതിരായ കുറ്റങ്ങളൊന്നും കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് കത്തോലിക്ക സഭയുടെ വിശദീകരണം.