ഉപയോഗിക്കാൻ നൽകിയ കാറ് സ്വന്തം പേരിലാക്കിയെന്ന് ഗിരിധർ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധർ പറയുന്നു.
കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ (Suresh Gopi) സഹോദരൻ സുനിൽ ഗോപിക്കെതിരെ (Sunil Gopi) പുതിയ പരാതി. ഉപയോഗിക്കാൻ നൽകിയ കാറ് സ്വന്തം പേരിലാക്കിയെന്ന് ഗിരിധർ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധർ പറയുന്നു. കാറ് തട്ടിയെടുക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനിൽ ഗോപിക്കെതിരെ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുനിൽ ഗോപിയുടെ കൂട്ടുപ്രതികൾ പണം മടക്കി നൽകിയെന്നും 26 ലക്ഷമാണ് പൊലീസിൻ്റെ സാന്നിധ്യത്തിൽ മടക്കി നൽകിയതെന്നും ഗിരിധർ പറഞ്ഞു.
സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ സുനിൽ ഗോപിയെ പൊലീസിപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധർ എന്നയാളുടെ തന്നെ പരാതിയിലാണ് സുനിൽ ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.
അതേസമയം സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കോയമ്പത്തൂരിലെ പരാതിക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭൂമി ഇടപാടിലൂടെ തട്ടിയെടുത്ത 97 ലക്ഷം കൂടാതെ ഒരു കോടി കൂടി ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ സഹോദരൻ എന്നു പരിചയപ്പെടുത്തിയാണ് സ്ഥലം വിൽപനയ്ക്ക് എത്തിയതെന്നും പരാതിക്കാരിലൊരാളായ രാജൻ പറഞ്ഞു.
കഴിഞ്ഞ കൊല്ലം നവംബറിലാണ് ഇടപാട് നടന്നത്. ഈ ഭൂമി മറ്റൊരാളുടെ പേരിലാണെന്ന വിവരം മറച്ചു വച്ചാണ് കോയമ്പത്തൂരിലെ ഗ്രീൻസ് പ്രോപ്പർട്ടി ഡവലപ്പേഴ്സിൽ നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്. 72 ലക്ഷം രൂപാ സുനിലിൻ്റെ അക്കൗണ്ടിലേക്കും 25 ലക്ഷം രണ്ട് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയൽ എസ്റ്റേറ്റ് കമ്പനി തട്ടിപ്പ് തിരിച്ചറിഞ്ഞു.
സുരേഷ് ഗോപിയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയാണ് ഇടപാടിനെത്തിയത്. സുനിൽ അറസ്റ്റിലായതിന് പിന്നാലെ 25 ലക്ഷം കൈപ്പറ്റിയ റീനയും ഭർത്താവ് ശിവദാസും പണം മടക്കി നൽകാൻ സന്നദ്ധത അറിയിച്ചതായി റിയൽ എസ്റ്റേറ്റ് കമ്പനി അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ് മധ്യസ്ഥതയിൽ കോയമ്പത്തൂരിൽ ചർച്ച നടക്കുന്നുണ്ട്.
