എം.സത്യപാലൻ ചെയർമാനായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിൽ വൻ വെട്ടിപ്പ്, ഏരിയ കമ്മിറ്റി അംഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ചെയർമാനായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിൽ വൻ വെട്ടിപ്പും ക്രമക്കേടും. സ്വർണ പണയം, മറ്റ് വായ്പകൾ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റിൽ ക്രമേക്കേട് കണ്ടെത്തിയത് സ്ഥിരീകരിക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പണയ പണ്ടം ഇല്ലാതെ 32 പേർക്ക് ഒരു കോടി രൂപയോളം വായ്പ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.
ഹെഡ് ഓഫീസ് ഉൾപ്പെടെ മൂന്ന് ശാഖകൾ മാത്രമുള്ള ഹരിപ്പാട്ടെ കുമാരപുരം സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പും ക്രമക്കേടും കണ്ടെത്തിയത് കഴിഞ്ഞ 23ന്. ബാങ്കിന്‍റെ നാരകത്തറ ശാഖയുടെ ചുമതലയേൽക്കാനെത്തിയ ഉദ്യോഗസ്ഥ പണയ പണ്ടങ്ങളുടെ കണക്കെടുത്തപ്പോൾ ഞെട്ടി. സ്വര്‍ണപണയ വായ്പയെടുത്ത 32 പേരുടെ കവറുകൾ ശൂന്യം. സ്വർണത്തിന്റെ തരി പോലുമില്ല. നൽകിയിരിക്കുന്നത് ഒരു കോടിയോളം രൂപ. തുടർന്ന് ബോർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ജീവിപ്പിച്ചിരിപ്പില്ലാത്ത ആളുടെ പേരിലും അക്കൗണ്ട്. ഇതിലൂടെ നടന്നത് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ. കമ്മീഷനും കോഴയും ഉൾപ്പെടെ അനധികൃത ഇടപാടുകൾക്ക് ഈ അക്കൗണ്ടാണ് ഉപയോഗിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ബാങ്കിലെ ജീവനക്കാരനായ സിപിഎം ഏരിയാ കമ്മിറ്റി അംഗം പാർട്ടി സംസ്ഥാന നേതൃത്വത്തിന് തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
മുമ്പ് ഒരു കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത് ഒതുക്കി തീർത്തതായും പാർട്ടിക്ക് വിവരം ലഭിച്ചു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എം.സത്യപാലനാണ് കഴിഞ്ഞ 15 വര്‍ഷമായി ബാങ്കിന്‍റെ ചെയർമാന്‍. കേരള ബാങ്ക് ഡയറക്ടർ ബോര്‍ഡ് അംഗം കൂടിയായ സത്യപാലനെ ഏഷ്യാനെറ്റ് ന്യൂസ് ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല. അന്വേഷണത്തിന് ശേഷം പ്രതികരിക്കാം എന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.
