മുൻ മന്ത്രിയുടെ ഇ മെയിൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കായിക സെക്രട്ടറിയോ ഡയറക്ടറോ കളത്തിൽ ഇല്ല. കോപ്പി അയച്ചിരിക്കുന്നത് സ്പോൺസർക്കും എഎഫ്എ ഭാരവാഹികൾക്കും മാത്രമാണ്.
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ, മുൻമന്ത്രി വി. അബ്ദുറഹിമാന്‍റെ കൂടുതൽ കള്ളക്കളികൾ പുറത്ത്. അർജന്ർറീന ഫുട്ബോൾ അസോസിയേഷനുമായി ആശയവിനിമയം നടത്തിയത് വി. അബ്ദുറഹിമാൻ നേരിട്ടാണെന്ന് തെളിയിക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുൻമന്ത്രിയുടെ സുഹൃത്തായ അധ്യാപികയ്ക്ക് ഔദ്യോഗിക മെയിലുകളുടെ പകർപ്പ് അയച്ചതും ദുരൂഹമാണ്. മന്ത്രിയും സ്പോൺസറും പരസ്യപ്പെടുത്താൻ വിസമ്മതിച്ച രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നത്.
കായികവകുപ്പിനെ പോലും ഇരുട്ടിൽനിർത്തി വി.അബ്ദുറഹിമാൻ അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായി നേരിട്ട് നടത്തിയ ആശയ വിനിമയങ്ങളിൽ ഗുരുതരമായ ചട്ടലംഘനങ്ങളുണ്ടെന്നാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട്. എന്നാൽ കായികവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മുഖേനയാണ് എല്ലാ ആശയവിനിമയവും നടത്തിയത് എന്നായിരുന്നു ഇന്നലെ മുൻ മന്ത്രി വി. അബ്ജുറഹിമാന്‍റെ പ്രതികരണം. പിണറായി സർക്കാരിലെ കായികമന്ത്രിയുടെ വാദം ശരിയാണോ ?
സൌഹൃദ മത്സരനടത്തിപ്പ് ആർബിസിക്ക് കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയ 2024 ഡിസംബർ 24ന് നാല് ദിവസം മുൻപ് തന്നെ എഎഫ്എയും റിപ്പോട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. ഈ കരാറിൽ കേരളത്തിന്‍റെ ഭാഗത്തുനിന്നുള്ള ആശയവിനിമയത്തിന് നൽകിയിരിക്കുന്നത് രണ്ട് ഈ മെയിൽ ഐഡികളെന്ന് കാണാം. ഒന്ന് , അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാന്‍റെ ഔദ്യോഗിക ഇ മെയിൽ ഐഡി. രണ്ടാമത്തേത് സ്പോൺസറായ റിപ്പോർട്ടർ കമ്പനി എംഡിയുടെ ഇ മെയിൽ വിലാസവും.
നിശ്ചിത സമയത്ത് പണം അടയ്ക്കാത്തതിനാൽ കരാർ റദ്ദായിയെന്ന് കാണിച്ച് എഎഫ്എ പ്രതിനിധി ലിയാൻഡ്രോ പീറ്റേഴ്സൺ, 2025 ജൂൺ 17ന് അയച്ച ഈ മെയിലിലും അബ്ദുറഹിമാന്‍റെ ഇടപെടലുകൾ വ്യക്തമാക്കുന്നുണ്ട്. താങ്കളുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന കരാർ എന്നാണ് പീറ്റേഴ്സന്ർറെ പരാമർശം.
മന്ത്രിക്കും എഎഫ്എ പ്രതിനിധിക്കും ഇടയിലുള്ള 6 ഇ മെയിലുകൾ ഞങ്ങൾ പരിശോധിച്ചു. ഒന്നിൽ പോലും കായിക വകുപ്പ് സെക്രട്ടറിക്കോ ഡയറക്ടറിനോ പകർപ്പില്ല. സ്പോൺസർക്കും എഎഫ്എയിലെ വിവിധ ഭാരവാഹികൾക്കുമാണ് കോപ്പി. എന്നാൽ വിചിത്രമായ മറ്റൊന്നുണ്ട്. സർക്കാർ സംവിധാനങ്ങളുടെ ഭാഗമല്ലാത്ത മലപ്പുറം സ്വദേശിയായ ഒരു സ്ത്രീക്കും മന്ത്രിയുടെ ഔദ്യോഗിക ഐഡിയിൽ നിന്നുള്ള ഈ മെയിലുകളെല്ലാം പോകുന്നുണ്ട് . അമീറ ഐഷ ബീഗം എന്ന സ്ത്രീയുടെ ജിമെയിൽ ഐഡിക്ക് പകർപ്പ് വച്ചാണ് എല്ലാ ആശയവിനിമയവും മന്ത്രി നടത്തുന്നത്. മന്ത്രിയുടെ കുടുംബ സുഹൃത്തായ കോളേജ് അധ്യാപികയാണ് അമീറയെന്നാണ് വിവരം.
ബാധ്യതയെല്ലാം സ്പോൺസറുടെ മേൽ മാത്രം ചാരി അബ്ദുറിമാൻ ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ ഭാഷയല്ല മന്ത്രിപദവിയിലെ ഔദ്യോഗിക ആശയവിനിമയങ്ങളിലുണ്ടായിരുന്നത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച ഇ മെയിലിൽ സർക്കാർ മുൻകയിലെ ഉറപ്പാണ് കരാർ എന്നായിരുന്നു അബ്ദുറിമാന്‍റെ വാദം. 130 കോടി ആളുകൾ കേരള സർക്കാരിനെ വിശ്വസിച്ചു എന്നും മന്ത്രി എഴുതിയിട്ടുണ്ട്. അതായത് കരാറുമായി ബന്ധപ്പെട്ട ബാധ്യതകളിൽ നിന്ന് സർക്കാരിന് എളുപ്പം തലയൂരാനാകില്ലെന്ന് അന്നത്തെ മന്ത്രി തന്നെ പറയുകയാണ്.
വി. അബ്ദുറഹിമാൻ വ്യക്തമാക്കേണ്ട കാര്യങ്ങൾ ഇവയാണ്
1. സർക്കാർ ഉത്തരവിറങ്ങും മുൻപ് തന്നെ സ്വകാര്യകമ്പനിക്കായി മന്ത്രി ഇടനില നിന്നുവെന്ന എഎഫ്എ വാദം ശരിയാണോ?
2. കായികവകുപ്പ് സെക്രട്ടറിയും ഡയറക്ടറുമാണ് ആശയവിനിമയം നടത്തിയതെന്ന് മുൻ മന്ത്രി പറഞ്ഞത് കള്ളമല്ലേ?
3. എഎഫ്എയുമായുള്ള മെയിലിന്ർറെ പകർപ്പ് കായികവകുപ്പിലെ മറ്റാർക്കും ഇല്ലാത്തത് എന്തുകൊണ്ടാണ്?
4. സർക്കാരുമായി ബന്ധമില്ലാത്ത സ്വകാര്യവ്യക്തിക്ക് മന്ത്രിയുടെ ഇമെയിലുകളുടെ പകർപ്പ് പോകുന്നത് എന്തിനാണ്?
5. മെസ്സിയെ കേരളത്തിലെത്തിക്കാൻ അമീറ ഐഷ ബിഗത്തെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവുകളുണ്ടോ?
6. പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ സ്പോൺസറെ ന്യായീകരിക്കാൻ കേരള സർക്കാരിന്‍റെ വിശ്വാസ്യതയെ കൂടി മന്ത്രി പണയം വയ്ക്കേണ്ടത്എന്ത് കാരണത്താലാണ്?

