Asianet News MalayalamAsianet News Malayalam

ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ; കരുതലുമായി സര്‍ക്കാര്‍, 5.29 കോടി അനുവദിച്ചു

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതിയിലൂടെ 16,167 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികള്‍ മുഖേന പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
 

free treatment for children severely ill below eighteen years old
Author
trivandrum, First Published Jan 12, 2021, 2:39 PM IST

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ താലോലം പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് താലോലം പദ്ധതി. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതിയിലൂടെ 16,167 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികള്‍ മുഖേന പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, സെറിബ്രല്‍പാള്‍സി, ഓട്ടിസം, അസ്ഥി വൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ രോഗങ്ങള്‍, ഡയാലിസിസ് തുടങ്ങിയവയ്ക്കും ശസ്ത്രക്രിയ അടക്കമുള്ളവയ്ക്കുമുള്ള ചികിത്സാചെലവ് വഹിക്കുന്ന പദ്ധതിയാണിത്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് ചികിത്സാ ചെലവിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ ആവശ്യമില്ല. അതത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷ മിഷന്‍റെ കൗണ്‍സിലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹ്യ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്എടി ആശുപത്രി, ആര്‍സിസി, ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി, ഐക്കോണ്‍സ് തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, ഐസിഎച്ച്, എറണാകുളം മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, ചെസ്റ്റ് ഹോസ്പിറ്റല്‍, ഐക്കോണ്‍സ് ഷൊര്‍ണൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഐഎംസിഎച്ച്, മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്, മലബാര്‍ കാന്‍സര്‍ സെന്‍റര്‍ എന്നീ 18 ആശുപത്രികളില്‍ നിന്നാണ് താലോലം പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios