കണ്ണൂര്‍: കൊവിഡ് 19 ഭീതി വ്യാപകമായതോടെ വിദേശികളേയും വിദേശത്തു നിന്നെത്തുന്നവരേയും ജനങ്ങള്‍ ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ വ്യാപിക്കുന്നു. കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികളെ സഹയാത്രികരുടെ പ്രതിഷേധം കാരണം പൊലീസ് സ്റ്റേഷനിലെത്തിച്ചു. 

ബസില്‍ വിദേശികളെ കണ്ടത്തിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരാവുകയും കണ്ടക്ടറോട് പരാതിപ്പെടുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇതോടെ ഫ്രാന്‍സില്‍ നിന്നുള്ള ഈ രണ്ട് വിദേശികളേയും പൊലീസ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മാനന്തവാടിയില്‍ നിന്നുമാണ് ബസ് കണ്ണൂര്‍ക്ക് വന്നത്. 

കണ്ണൂരില്‍ ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയില്‍ അമേരിക്കയില്‍ നിന്നും വന്ന ദമ്പതികളും കു‍ഞ്ഞും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ച ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലാത്തതിനാൽ റിസോർട്ടിൽ തന്നെ ഐസൊലേഷനിൽ പാർപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരോടൊപ്പം ഒരു ടൂറിസ്റ്റ് ഗൈഡും നിരീക്ഷണത്തിലുണ്ട്.