താമരശേരിയിലെ ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ 74 പേരെ പൊലീസ് തിരിച്ചറിഞ്ഞു. സമര സമിതി നേതാക്കൾക്കായി തിരച്ചിൽ തുടരുന്നതിനിടെ, പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. 

കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. സമര സമിതി നേതാക്കളെ തേടി രാത്രിയും വീടുകളിൽ പരിശോധന നടന്നു. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി.

പ്രതികള്‍ക്കെതിരായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ് പൊലീസ്. 351 പേർക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്. സമര സമിതി ഭാരവാഹിയും ആം ആദ്മി പാർട്ടി പ്രവർത്തകനുമായ ചുണ്ടാക്കുന്നു ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഡിവൈഎഫ്ഐ നേതാവ് മെഹ്‌റൂഫ് അടക്കം മറ്റു പ്രതികൾ ആരും പിടിയിലായിട്ടില്ല. പലരും ഒളിവിലാണ്, ചിലർ രാജ്യം വിട്ടതായും വിവരമുണ്ട്. സമര സമിതി നേതാക്കളെ തേടി ഇന്നലെ രാത്രിയും പൊലീസ് വീടുകളിൽ എത്തി. ഇതുവരെ എട്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമം , എക്സ് പ്ലോസീവ് സസ്പെന്‍സ് ആക്ട്, കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍.

താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതിക്ക് നേതൃത്വം നല്‍കിയതും കലാപമുണ്ടാക്കിയതും എസ് ഡി പി ഐ ആണെന്ന നിലപാടിലാണ് സിപിഎം. എന്നാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയതെന്നായിരുന്നു എസ്ഡിപിഐ പ്രതികരണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് പ്രതികരിച്ച സമരസമിതി ഫാക്ടറിക്കെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നും വ്യക്തമാക്കി.

ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ എസ് ഡി പിഐ അക്രമികള്‍ നുഴഞ്ഞു കയറുകയും കലാപം അഴിച്ചുവിട്ടെന്നും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു. ഫ്രഷ് കട്ട് സമരത്തിന് രാഷ്ടീയ മുഖമില്ലെങ്കിലും നേതൃത്വം കൊടുക്കുന്നത് എസ്ഡിപിഐ ആണെന്നാണ് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. എസ് ഡി പി ഐ നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പ്രദേശിക നേതാവ് യാഥാര്‍ത്ഥത്തില്‍ സംഘര്‍ഷം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ജില്ലാ സെക്രട്ടറി എം മെഹബൂബ് പറയുന്നു. പൊലീസാണ് തുടക്കത്തില്‍ അക്രമം അഴിച്ചുവിട്ടതെന്നായിരുന്നു സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കിലിന്റെ പ്രതികരണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളോടൊപ്പമുണ്ട്. തീയിട്ട് നശിപ്പിച്ചതിനും അക്രമത്തിനും ഉത്തരവാദിത്വം തങ്ങള്‍ക്കല്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യവിരുദ്ധര്‍ ആരാണെന്ന് കണ്ടെത്തണമെന്നും സമരം ശക്തമായി തുടരുമെന്നും ചെയര്‍മാന്‍ ബാബു പറഞ്ഞു.