ജില്ലയിലെമ്പാടുമുള്ള കോഴിക്കടകളില്‍ നിന്നുമുള്ള വേസ്റ്റ് ഈ കേന്ദ്രത്തിലേക്കാണ് എത്തിക്കുന്നത്

കോഴിക്കോട്: ശ്വസിക്കാനുള്ള ശുദ്ധവായുവും കുടിക്കാനുള്ള ശുദ്ധജലവും തിരിച്ചുതരണം എന്ന ആവശ്യവുമായി കോഴി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച്. കോടഞ്ചേരി കരിമ്പാലക്കുന്ന്-അമ്പായത്തോട് അതിര്‍ത്തിയില്‍ ഇരുതുള്ളിപ്പുഴയോരത്ത് കട്ടിപ്പാറ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന സ്ഥാപനത്തിലേക്കാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത് പ്രതിഷേധ മാര്‍ച്ച് നടന്നത്. 

ഫ്രഷ്‌കട്ട് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇവിടെ വന്നതോടുകൂടി ജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയിലെമ്പാടുമുള്ള കോഴിക്കടകളില്‍ നിന്നുമുള്ള വേസ്റ്റ് ഈ കേന്ദ്രത്തിലേക്കാണ് എത്തിക്കുന്നത്. പ്രദേശമാകെ രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതോടെ മൂക്കുപൊത്താതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജലം മലിനമാകുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. 

ഇതിനോടകം തന്നെ വിവിധ സ്ഥാപനങ്ങളില്‍ നിരവധി പരാതികള്‍ സമര്‍പിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറയുന്നത്. പ്രതിഷേധ മാര്‍ച്ച് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം