പാലക്കാട്: കൂടുതൽ പൂച്ചെടികൾ ഒരുക്കി പ്രാതാപം തിരിച്ച് പിടിക്കാനൊരുങ്ങി മലമ്പുഴ ഉദ്യാനം. വിവിധ നിറങ്ങളിലുള്ള ആഫ്രിക്കൻ, ഫ്രഞ്ച് മല്ലികകളാണ് ഉദ്യാനത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ഇപ്പോള്‍ കാത്തിരിക്കുന്നത്. വെള്ള, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ആഫ്രിക്കൻ, ഫ്രഞ്ച് മല്ലികകളാണ് ഉദ്യാനത്തിലെ പുതിയ അതിഥികൾ. ഫ്രഞ്ച് മല്ലികയുടെ ആയിരം തൈകളാണ് ഇറക്കുമതി ചെയ്തത്. ഈ പൂക്കൾക്ക് സാധാരണ മല്ലികപൂക്കളേക്കാൾ ആകർഷകത കൂടുതലാണ്.

ഇത് കൂടാതെ സീനിയ, കോസ്മസ്, അലമാൻഡ, ബ്രൈഡൽ ബൊക്കേ, എയ്ഞ്ചലോണിയ തുടങ്ങി നിരവധി പൂച്ചെടികളും ഉദ്യാനത്തിൽ പരിപാലിക്കുന്നുണ്ട്. പൂക്കൾ നിറഞ്ഞതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്ന് അധികൃതർ പറയുന്നു. വേണ്ടത്ര പരിപാലനമില്ലാതെ മലമ്പുഴ ഉദ്യാനത്തിൽ പുല്ല് വളർന്ന് തുടങ്ങിയത് ഈയിടെ വാർത്തയായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പൂച്ചെടികൾ ഒരുക്കി ഉദ്യാനം നവീകരിച്ചത്.