കണ്ണൂര്‍ മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ഏജന്‍റിനെയും ക്രൂരമായി മര്‍ദിച്ച് മുഖംമൂടി സംഘം. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
കണ്ണൂര്‍: കണ്ണൂര്‍ മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ഏജന്‍റിനെയും ക്രൂരമായി മര്‍ദിച്ച് മുഖംമൂടി സംഘം. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കണ്ണൂര്‍ ജില്ലയിൽ ഇന്നലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ബൂത്ത് ഏജന്‍റുമാര്‍ക്കും അതുപോലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയും സിപിഎമ്മിന്‍റെ അതിക്രമങ്ങള്‍ ഉണ്ടായി എന്ന പരാതി പുറത്തുവന്നിരുന്നു. അതിനുള്ള തെളിവെന്നപോലെയാണ് ഈ അക്രമസംഭവവും പുറത്തുവന്നിരിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന ഷീന ടി എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി, പോളിംഗ് ഏജന്‍റായ നരേന്ദ്രബാബു എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. നരേന്ദ്ര ബാബു ജനസേവന കേന്ദ്രം നടത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥിയും അവിടെ വന്നിരുന്നു. ആ സമയത്താണ് അക്രമി സംഘം മുഖംമൂടി ധരിച്ച് അവിടെയെത്തിയത്. സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട ഇവര്‍ നരേന്ദ്ര ബാബുവിനെ ക്രൂരമായി മര്‍ദിച്ചു. കംപ്യൂട്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചു. നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചും മര്‍ദിച്ചു. സ്ഥാനാര്‍ത്ഥിയായ ഷീനയെയും മര്‍ദിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജീവനക്കാരി ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നു. അവര്‍ ഒച്ചവെച്ച് നിലവിളിച്ച്, ആളുകള്‍ ഓടിയെത്തിയപ്പോഴാണ് അക്രമി സംഘം പോയത്. പിണറായി പൊലീസിൽ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകിയിട്ടുണ്ട്.

