ലോഡ്ജില്‍ മുറിയെടുത്ത് മദ്യം നല്കി മയക്കി സുഹൃത്തിന്‍റെ സ്വര്‍ണമാലയും ആപ്പിള്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: ലോഡ്ജില്‍ മുറിയെടുത്ത് മദ്യം നല്കി മയക്കി സുഹൃത്തിന്‍റെ സ്വര്‍ണമാലയും ആപ്പിള്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ സ്വദേശി ലിബിന്‍ ബെന്നി (47) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ചാലക്കുടി കെ.എസ്.ആര്‍.ടി.സി റോഡില്‍ കോക്കാട്ട് ലോഡ്ജിലായിരുന്നു സംഭവം. കുറ്റിക്കാട് പുന്നേലിപറമ്പില്‍ ഷൈജുവിന്‍റെ മാലയും ഫോണുമാണ് കവര്‍ന്നത്. ഷൈജു തൃശൂരില്‍ ഹോംനേഴ്‌സായി ജോലി നോക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് ഷൈജുവും പ്രതിയും തിരുവനന്തപുരത്ത് വച്ച് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ പലപ്പോഴും ഫോണില്‍ ബന്ധപ്പെട്ട് പരിചയം പുതുക്കാറുമുണ്ട്. സംഭവദിവസം ഷൈജു വീട്ടിലേക്ക് വരുന്ന വിവരം പ്രതി നേരത്തെ അറിഞ്ഞിരുന്നു.

ഇത് പ്രകാരം പ്രതി ചാലക്കുടി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റില്‍ കാത്ത് നില്‍ക്കുകയും തുടര്‍ന്ന് ഷൈജുവുമായി ലോഡ്ജ് മുറിയിലെത്തുകയും ചെയ്തു. പിന്നീട് ഇരുവരും മദ്യപിക്കുകയും മദ്യലഹരിയില്‍ മയങ്ങിപോയ ഷൈജുവിനെ കട്ടിലില്‍ കിടത്തി കഴുത്തില്‍ നിന്നും ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും പോക്കറ്റില്‍ നിന്ന് ആപ്പിള്‍ ഫോണും 400 രൂപയും കവര്‍ന്ന് മുറിയില്‍ നിന്നും കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷൈജു നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുവാറ്റുപുഴയിലെ ലോഡ്ജില്‍ നിന്നും പ്രതി പിടിയിലായത്. പ്രതിയുടെ പേരില്‍ കുന്നത്തുനാട്, ഇടുക്കി, കുളമാവ് പോലീസ് സ്റ്റേഷനുകളില്‍ കൊലപാതക കേസടക്കം നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.