ഇന്നലെയാണ് കണ്ണൂർ  മുഴുപ്പിലങ്ങാട് 11 വയസ്സുകാരനായ നിഹാലിലെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നത്. 

കണ്ണൂർ: നിഹാലിന്റെ ദാരുണമരണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് അജുവദ് അടക്കമുള്ള കൂട്ടുകാർ. എന്നും വീട്ടുകാരുടെ കണ്ണുവെട്ടിച്ചു റോഡിൽ ഓടാറുള്ള നിഹാലിനെ വീട്ടിൽ തിരികെ എത്തിച്ചിരുന്നത് കൂട്ടുകാർ ആയിരുന്നു. ഏഴ് വയസ്സുകാരൻ വയസുള്ള സൽമാൻ ഫാരിസ് എന്ന കുട്ടി പിന്നാലെ ഓടിയിരുന്നെങ്കിലും നിഹാലിനെ കാണാൻ കഴിയാതെ തിരിച്ചു വരികയായിരുന്നു. ഇന്നലെയാണ് കണ്ണൂർ മുഴുപ്പിലങ്ങാട് 11 വയസ്സുകാരനായ നിഹാലിലെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നത്. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാരശേഷി ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ നായ് ആക്രമിച്ചപ്പോൾ ഒന്നു നിലവിളിക്കാൻ പോലും ആ കുഞ്ഞിന് കഴിഞ്ഞില്ല. 

അഞ്ച് മണിയോടെയാണ് ഇന്നലെ കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. രാത്രി വൈകിയും തിരിക എത്താത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. സാധാരണ നിഹാൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അയൽവാസികൾ തിരികെ വീട്ടിലെത്തിക്കുകയാണ് പതിവ്. ഇന്നലെയും അങ്ങനെ സംഭവിച്ചിരിക്കാമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ അതിദാരുണമായി മുറിവേറ്റ നിലയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തുന്നത്. 

കുട്ടിയെ കണ്ടെടുക്കുമ്പോൾ അരക്ക് കീഴ്പോട്ട് വിശദീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. മുഖത്തും കൈകാലുകളിലും വയറിലും ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ചങ്കിലും അപ്പോഴത്തേക്കും മരണം സംഭവിച്ചിരുന്നു. തലശ്ശേരി ജനറല്‍ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള നൗഷാദ് മകന്‍റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 

മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയിൽ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. നായ കടിക്കാൻ വന്നാൽ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകൾ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചു. തെരുവ് നായ കുട്ടിയെ കടിച്ചു കൊന്ന ദാരുണ സംഭവത്തിൽ കോടതി ഇടപെടണമെന്നാണ് കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ദിവ്യ മുന്നോട്ട് വെക്കുന്ന ആവശ്യം. ജനങ്ങളുടെ ജീവനാണ് വില നൽകേണ്ടത്. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അറിയിച്ചിട്ടുണ്ട്. 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News