തിരുവനന്തപുരം: നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാരാണ്? അവരെ കണ്ട ദിവസം, ആ ബന്ധം തുടങ്ങിയ ദിവസം ഏതെങ്കിലും ഓർമ്മയുണ്ടോ? അവരുമായി പിണങ്ങിയിരുന്നിട്ടുണ്ടോ? സുഹൃത്തുക്കൾ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. അതിനാൽ തന്നെ ദീർഘ സൗഹൃദങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. എന്നാൽ ഏതെങ്കിലും സൗഹൃദത്തിന് എത്ര വയസ്സായെന്ന് ഓർത്തിട്ടുണ്ടോ? അതിന് ആ സൗഹൃദം തുടങ്ങിയ ദിവസം ഓർത്തിരിക്കണം, അല്ലേ..?

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കടുത്ത് പാമ്പുകാല സ്വദേശികളാണ് രാജേന്ദ്രനും ഷാജിയും. ഇക്കഴിഞ്ഞ മെയ് 21 ന് അവർ തങ്ങളുടെ ജീവിതത്തിലെ അമ്പത് വർഷം പൂർത്തിയാക്കി. അന്ന് തന്നെയായിരുന്നു അവരുടെ സൗഹൃദത്തിന്റെ അമ്പതാം വാർഷികവും. കാഞ്ഞിരംകുളത്തെ സിഎം ഫിനാൻസ് ഇത് പത്രപ്പരസ്യം നൽകി ആഘോഷിച്ചു. വിവാഹത്തിനും, വിവാഹ വാർഷികത്തിനും ജന്മദിനത്തിനും നൽകുന്ന പോലെയായിരുന്നു ഇവരുടെ അപൂർവ്വ സൗഹൃദത്തിന്റെ അമ്പതാം വാർഷികത്തിന് നൽകിയ പരസ്യം.

"ഒരേ ദിവസമായിരുന്നു ഞങ്ങൾ ജനിച്ചത്. 1969 മെയ് 21 നായിരുന്നു അത്. അടുത്തടുത്ത വീടുകളിലായിരുന്നു ജനനം. അതിനാൽ തന്നെ പിന്നീട് പഠിച്ചതും വളർന്നതും എല്ലാം ഒരുമിച്ചായിരുന്നു," രാജേന്ദ്രൻ പറഞ്ഞു. ഒൻപത് സഹോദരങ്ങളിൽ എട്ടാമനായിരുന്നു രാജേന്ദ്രൻ. വീട്ടിൽ മൂത്തയാളായിരുന്നു രാജേന്ദ്രൻ. സ്വതവേ ശാന്തസ്വഭാവക്കാരനായ ഷാജിയേക്കാൾ ആരോഗ്യം കൂടുതലുള്ളതും തനിക്കായിരുന്നുവെന്ന് രാജേന്ദ്രൻ ഓർക്കുന്നു. "അന്ന് പതിനഞ്ച് വയസോ മറ്റോ ആണ് പ്രായം. ഷാജി ഒരു പുത്തൻ ടീഷർട്ട് ഇട്ട് വന്നു. എന്നാൽ അടുത്ത വീട്ടിലെ, ഞങ്ങളെക്കാൾ അഞ്ച് വയസിന് മുതിർന്ന മറ്റൊരുവൻ ഷാജിയുടെ ടീഷർട്ട് വലിച്ചുകീറി. അവനൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതെനിക്ക് സഹിച്ചില്ല. ഞാനവന്റെ വീട്ടിൽ കയറിച്ചെന്ന് അവനെ ഇടിച്ചു," അന്നത്തെ അടിക്കഥ ഇന്നും അഭിമാനത്തോടെയാണ് രാജേന്ദ്രൻ ഓർക്കുന്നത്.

കാട്ടാക്കടയിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് പുളിമരത്തിൽ ഷാജിയുമൊത്ത് വലിഞ്ഞുകയറുന്ന കഥയും രാജേന്ദ്രന്റെ ഓർമ്മയിലുണ്ടായിരുന്നു. മുതിർന്നപ്പോൾ രാജേന്ദ്രൻ സ്വർണ്ണ പണയ ബിസിനസിലേക്കാണ് കടന്നത്. ഷാജി കച്ചവടത്തിന് ചെന്നൈയിലേക്ക് പോയി. ആദ്യം വിവാഹം കഴിച്ചത് രാജേന്ദ്രനാണ്. പിന്നീടായിരുന്നു എങ്കിലും ഒരേ സ്ഥലത്ത് നിന്ന് തന്നെ വിവാഹം കഴിച്ചതോടെ അവിടെയും ഇവരുടെ ജീവിതത്തിലെ സൗഹൃദത്തിന്റെ കണ്ണി കിടപ്പുണ്ട്. 

ഇവരുടെ തീവ്ര സൗഹൃദം അതേപടി കുടുംബങ്ങളിലും ഉണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞു.  ഭർത്താക്കന്മാരെ പോലെ തന്നെ ഷാജിയുടെ ഭാര്യ അമ്പിളിയും രാജേന്ദ്രന്റെ ഭാര്യ കെവി കൃഷ്ണയും ഉറ്റസുഹൃത്തുക്കളാണ്. രണ്ട് മക്കളാണ് രാജേന്ദ്രന്. മൂത്തയാൾ അക്ഷയ് എംബിബിഎസ് വിദ്യാർത്ഥിയും രണ്ടാമത്തെയാൾ ആദർശ് നിയമ വിദ്യാർത്ഥിയുമാണ്. ഷാജിയുടെയും അമ്പിളിയുടെയും മക്കളായ ശരണ്യ പ്ലസ് ടുവും സന്ദീപ് പത്താം ക്ലാസും പൂർത്തിയാക്കി. വർഷത്തിൽ രണ്ട് തവണയെങ്കിലും കുടുംബങ്ങളുമൊത്ത് യാത്ര പോകുന്ന പതിവും ഉണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞു. മുഖത്തോട് മുഖം നോക്കി അധികനേരം പിണങ്ങിയിരിക്കാൻ സാധിക്കാറില്ലെന്നും അമ്പത് വർഷത്തിനിടയിൽ ഒരിക്കൽ പോലും പിണങ്ങിയിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.