Asianet News MalayalamAsianet News Malayalam

'പൂര്‍ണ്ണ സജ്ജം, നമ്മള്‍ അതിജീവിക്കും' മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

നിപ ബാധ സ്ഥിരീകരിച്ചതായി വാർത്താ സമ്മേളനം നടത്തി മാധ്യമങ്ങളെ അറിയിച്ചതിന് ശേഷം എഴുതിയ പോസ്റ്റിലാണ് സംസ്ഥാനം നിപയെ നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് മന്ത്രി ഉറപ്പുനൽകുന്നത്. 'പൂർണ്ണ സജ്ജം, നമ്മൾ അതിജീവിക്കും' എന്ന ഒറ്റവരിയും അതിന്‍റെ ഇംഗ്ലീഷ് പരിഭാഷയും മാത്രമാണ് ഈ പോസ്റ്റിൽ.

Fully prepared, will overcome this challenge, health minister K K Shylaja says in face book
Author
Kochi, First Published Jun 4, 2019, 3:26 PM IST

കൊച്ചി: നിപ ബാധയെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമായി എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിപ ബാധ സ്ഥിരീകരിച്ചതായി വാർത്താ സമ്മേളനം നടത്തി മാധ്യമങ്ങളെ അറിയിച്ചതിന് ശേഷം എഴുതിയ പോസ്റ്റിലാണ് സംസ്ഥാനം നിപയെ നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് മന്ത്രി ഉറപ്പുനൽകുന്നത്. 'പൂർണ്ണ സജ്ജം, നമ്മൾ അതിജീവിക്കും' എന്ന ഒറ്റവരിയും അതിന്‍റെ ഇംഗ്ലീഷ് പരിഭാഷയും മാത്രമാണ് ഈ പോസ്റ്റിൽ. മൂവായിരത്തിലേറെ പേർ മന്ത്രിയുടെ ഒറ്റവരി പോസ്റ്റ് പങ്കിട്ടു. കൊച്ചിയിൽ ക്യാമ്പ് ചെയ്ത് ആരോഗ്യമന്ത്രി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.

നിപ ബാധയെ തുടർന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ പിന്തുണ സംസ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും ആറംഗ കേന്ദ്ര സംഘം കൊച്ചിയിലെത്തിയതായും മന്ത്രി പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചി കളക്‌ട്രേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേന്ദ്രീകരിച്ചായിരിക്കും കേന്ദ്രസംഘത്തിന്‍റെ പ്രവർത്തനം. നിപ ബാധയെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. നിലവിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ കഴിയുന്ന നാലുപേരുടെ ചികിത്സാ മേൽനോട്ടം ഇവർക്കാണ്.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങൾക്കായി എറണാകുളം ഗസ്റ്റ് ഹൗസില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നതായും മന്ത്രി വ്യക്തമാക്കി. ഓരോ വകുപ്പുകളും നിപ പ്രതിരോധം, രോഗവ്യാപനം തുടങ്ങിയവയില്‍ ചെയ്യുന്ന കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപനം, വിലയിരുത്തല്‍, മാര്‍ഗനിര്‍ദേശം തുടങ്ങിയവയ്ക്ക് മാര്‍ഗരേഖ തയ്യാറാക്കി. രോഗികളുമായി സമ്പര്‍ക്കമുണ്ടായവരുടെ പട്ടിക തയ്യാറക്കല്‍, രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തില്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ തുടങ്ങി നിപ പ്രതിരോധത്തിന്‍റെ ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട നടപടികള്‍ക്കും അന്തിമ രൂപം നല്‍കിയതായും മന്ത്രി അറിയിച്ചു.

പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടർമാരാണ് ചികിത്സ നടത്തുന്നത്. ആവശ്യത്തിനുള മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിന് ഐസിഎംആറിന്‍റെ അനുമതിയും ലഭിച്ചിട്ടുണ്ട്. എറണാകുളത്തേയും സമീപജില്ലകളിലേയും ജില്ലാ, ജനറൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാണ്. വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള പരിശീലനം പൂർത്തിയായി. മരുന്നുകളും നിപ പ്രതിരോധ മാസ്കുകളും വസ്ത്രങ്ങളും ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും. രോഗപ്രതിരോധത്തിനൊപ്പം ബോധവൽക്കരണത്തിനും തുല്യ പ്രാധാന്യം നൽകുന്ന തരത്തിലാണ് ആരോഗ്യവകുപ്പ് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios