ഇവർ ആദ്യം ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിന് പുറമേ ഇപ്പോൾ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്. ചിറ്റാർ, തണ്ണിത്തോട് സ്റ്റേഷനുകളിൽ ആയിട്ടാണ് റാണി ലക്ഷ്മിക്കെതിരെ കേസടുത്തത്.

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്യുന്നു. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പണം ഏറെക്കാലമായി മുടങ്ങി. ഇതോടെയാണ് സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ സംശയങ്ങൾ തോന്നിയത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് വേണമെന്ന് ആവശ്യമുയർന്നു. പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി. തുടർന്നാണ് അരക്കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ റാണി ലക്ഷ്മി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കാണ് ഫണ്ട് മാറ്റിയത്. ഇവർ ആദ്യം ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിന് പുറമേ ഇപ്പോൾ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്. ചിറ്റാർ, തണ്ണിത്തോട് സ്റ്റേഷനുകളിൽ ആയിട്ടാണ് റാണി ലക്ഷ്മിക്കെതിരെ കേസടുത്തത്.

കേസെടുത്തതിന് പിന്നാലെ വീടുകളിൽ കോന്നി മ്ലാന്തടത്തുള്ള റാണി ലക്ഷ്മിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. മുൻപ് ഇവർ ജോലി ചെയ്ത അരുവാപുലം പഞ്ചായത്തിൽ ഉൾപ്പെടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഒപ്പം തന്നെ തട്ടിയെടുത്ത പണം എന്തിന് വിനിയോഗിച്ചു എന്ന കാര്യവും പ്രേത്യേക അന്വേഷണ സംഗം അന്വേഷിക്കും.

പത്തനംതിട്ടയിലെ ഭവന പദ്ധതികളിലെ ലക്ഷങ്ങളുടെ ക്രമക്കേട്; വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ കസ്റ്റഡിയിൽ