വീരമൃത്യു വരിച്ച മലയാളി പൈലറ്റ് വിപിന് അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി
കനത്ത മഴയിലും ചുഴലിക്കാറ്റിലും പോർബന്തറിലെ രക്ഷാപ്രവർത്തനത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്ന് അപകടം ഉണ്ടായത്.
ദില്ലി: ഗുജറാത്തിലെ പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ വീരമ്യത്യു വരിച്ച മലയാളി പൈലറ്റ് വിപിൻ ബാബുവിന് അന്ത്യാഞ്ജലി. മൃതദേഹം മാവേലിക്കര കണ്ടിയൂരിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം നടന്നത്. കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്റ് ആലപ്പുഴ കണ്ടിയൂർ സ്വദേശി വിപിൻ ബാബുവാണ് വീരമ്യത്യു വരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കോസ്റ്റ് ഗാർഡിന്റെ ആംബുലൻസിലാണ് മാവേലിക്കരയിലെ വീട്ടിലേക്ക് എത്തിച്ചത്.
കനത്ത മഴയിലും ചുഴലിക്കാറ്റിലും പോർബന്തറിലെ രക്ഷാപ്രവർത്തനത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്ന് അപകടം ഉണ്ടായത്. പോർബന്തർ തീരത്ത് നിന്നും ഉൾക്കടലിൽ ഹരിലീല എന്ന എണ്ണക്കപ്പൽ നിന്നും കപ്പൽ ജീവനക്കാരെ എത്തിക്കാനായി പുറപ്പെട്ട ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ആർ സി ബാബുവിന്‍റെയും ശ്രീലത ബാബുവിന്റെയും മകനാണ് വിപിൻ. ദില്ലിയിൽ കരസേനയിൽ ഹെഡ് നഴ്സായ മേജർ ശില്പയാണ് ഭാര്യ. അഞ്ച് വയസ്സുകാരൻ സെനിത് മകനാണ്.