നേരത്തെ നിശ്ചയിച്ചത് പോലെ 2017 ല്‍ തുടങ്ങിയിരുന്നെങ്കില്‍ 2020 ല്‍ പൂര്‍ത്തിയാകുമായിരുന്നു. നാലുവരി പാതയുടെ നിര്‍മ്മാണം തുടങ്ങുന്നത് കേന്ദ്ര സർക്കാർ അനന്തമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും ജി സുധാകരന്‍

ആലപ്പുഴ: സംസ്ഥാനത്തെ ദേശീയപാത വികസനം ഇടത് സര്‍ക്കാരിന്‍റെ കാലത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. നേരത്തെ നിശ്ചയിച്ചത് പോലെ 2017 ല്‍ തുടങ്ങിയിരുന്നെങ്കില്‍ 2020 ല്‍ പൂര്‍ത്തിയാകുമായിരുന്നു. നാലുവരി പാതയുടെ നിര്‍മ്മാണം തുടങ്ങുന്നത് കേന്ദ്ര സർക്കാർ അനന്തമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ജി സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്‍റെ വടക്കേയറ്റമായ കാസർകോട് തലപ്പാടിയില്‍ നിന്ന് ചെര്‍ക്കള വരെയുള്ള ആദ്യഘട്ട നിര്‍മ്മാണത്തിന് വേണ്ടി സംസ്ഥാനം ചെയ്യേണ്ടതെല്ലാം ഒന്നര വര്‍ഷം മുമ്പ് തന്നെ ചെയ്തു കഴിഞ്ഞു. പക്ഷേ ടെണ്ടര്‍ നടപടിയിലേക്ക് കേന്ദ്രം പോയില്ല. ഇടത് സര്‍ക്കാരിന്‍റെ കാലത്ത് പൂര്‍‍ത്തിയാക്കിയാല്‍ അതിന്‍റെ ഗുണം സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന് കിട്ടും എന്നത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ഇത് ചെയ്തതെന്നും ജി സുധാകരന്‍ പറഞ്ഞു.

നാലുവരി റോഡിന്‍റെ നിര്‍മ്മാണം തുടങ്ങാന്‍ സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. കീഴാറ്റൂരിലേതടക്കമുള്ള എല്ലാ പ്രശ്നവും പരിഹരിച്ചുകഴിഞ്ഞു. ഇനി അടുത്ത സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും ജി സുധാകരന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറ‍ഞ്ഞു.