നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കുന്ന പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. തനിക്കെതിരെ കേസെടുത്തതിൽ ശരിയല്ലാത്ത ആലോചന നടന്നിട്ടുണ്ടെന്നും ജയിലിൽ പോകാൻ തയാറെന്നും ജി സുധാകരൻ പ്രതികരിച്ചു. 

ആലപ്പുഴ: മന്ത്രി സജി ചെറിയാനെ പരോക്ഷമായി വിമർശിച്ച് ജി സുധാകരൻ. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ ഒരു മാസം എടുത്താണ് എഫ്എആർ റജിസ്റ്റർ ചെയ്തത്. തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നും ജി സുധാകരൻ പറഞ്ഞു. നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കുന്ന പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. തനിക്കെതിരെ കേസെടുത്തതിൽ ശരിയല്ലാത്ത ആലോചന നടന്നിട്ടുണ്ടെന്നും ജയിലിൽ പോകാൻ തയാറെന്നും ജി സുധാകരൻ പ്രതികരിച്ചു. 

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ വീണ്ടും ഒരു വിശദീകരണം നടത്തുകയാണ് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. പൊലീസ് തിടുക്കത്തിൽ കേസെടുത്തതിനെ സുധാകരൻ വിമർശിച്ചു. കേസെടുത്ത പൊലീസാണ് പുലിവാൽ പിടിച്ചത്. താൻ ഒരു മുൻകൂർ ജാമ്യത്തിനും പോകുന്നില്ലെന്നും‌ പൊലീസ് അറസ്റ്റ് ചെയ്യട്ടെ ജയിലിൽ പോകാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തെയും പരോക്ഷമായി വിമർശിച്ചു.

തപാൽ വോട്ട് തിരുത്തിയെന്ന പ്രസ്താവനയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക തെളിവു ശേഖരണത്തിനു ശേഷം മാത്രമേ പൊലീസ് ജി സുധാകന്റെ മൊഴി എടുക്കൂ. 1989 ലെ പോസ്റ്റൽ ബാലറ്റുകൾ ലഭ്യമാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പൊലീസ് ഉടൻ കത്ത്നൽകും. 36 വർഷം മുൻപുള്ള തപാൽ വോട്ടുകൾ കണ്ടെത്താനാകില്ലെന്നാണ് വിവരം. അന്നു തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ പ്രവർത്തിച്ച പലരും മരിച്ചു. അതു കൊണ്ട് തെളിവെടുപ്പും പ്രയാസം. കേസ് മുന്നോട്ടു പോകില്ല എന്നാണ് നിയമ വിദഗ്ദരും പറയുന്നത്. അതേസമയം പാർട്ടിയിൽ നിന്ന് ജി സുധാകരന് ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ആലപ്പുഴയിലെ സിപിഎമ്മിൽ ജി സുധാകരനോടുള്ള വിയോജിപ്പ് തുടരുകയാണ്. കുഞ്ചൻ നമ്പ്യാർ സ്മാരകം നശിപ്പിച്ചെന്ന സുധാകരന്റെ പ്രസംഗത്തിലെ പ്രസ്താവനക്കെതിരെ കണ്ടാലറിയാത്തവൻ കൊണ്ടാലറിയുമെന്ന ഫേസ് ബുക്ക് പോസ്റ്റുമായി എച്ച് സലാം എംഎൽഎ രംഗത്തെത്തി. തനിക്ക് എന്തെങ്കിലും കൊള്ളുന്നതിന് എന്തൊരു സന്തോഷമാണെന്നായിരുന്നു ഇക്കാര്യത്തിൽ സുധാകരന്റെ പ്രതികരണം. 

വയനാട് ടൗൺഷിപ്പിന്‍റെ മാതൃകാ വീടിന്‍റെ വാര്‍പ്പ് പൂർത്തിയായി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം