Asianet News Malayalam

പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം വൈകാൻ കാരണം എറണാകുളത്തെ ഒരു കൂട്ടം ക്രിമിനലുകൾ : ജി.സുധാകരൻ

കരമന - കളിയിക്കാവിള ഹൈവേയുടെ ഭാ​ഗമായി പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള റോഡാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്

g Sudhakaran against palarivattam palam
Author
Kochi, First Published Feb 11, 2021, 6:55 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ച ശേഷമുള്ള പുനർനിർമ്മാണം  വൈകാൻ കാരണം എറണാകുളത്തെ ഒരു കൂട്ടം ക്രിമിനലുകളുടെ ​ഗൂഢാലോചനയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. പ്രതിസന്ധികൾക്കൊടുവിൽ മാർച്ച് പത്തിനകം പാലാരിവട്ടം പാലം ​ഗതാ​ഗതത്തിനായി തുറന്നു കൊടുക്കാമെന്ന് ഇ.ശ്രീധരൻ അറിയിച്ചിട്ടുണ്ടെന്നും ഈ വിവരം താൻ മുഖ്യമന്ത്രിയേയും ധരിപ്പിച്ചിട്ടുണ്ടെന്നും ജി.സുധാകരൻ അറിയിച്ചു. കരമന - കളിയിക്കാവിള ഹൈവേ വികസനത്തിന്റെ രണ്ടാം ഘട്ടത്തിൻ്റെ ഉദ്​ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജി.സുധാകരൻ. 

കരമന - കളിയിക്കാവിള ഹൈവേയുടെ ഭാ​ഗമായി പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള റോഡാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പശ്ചാത്തല സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നടപ്പാവില്ലെന്ന് കരുതി ഉപേക്ഷിച്ച വികസന പദ്ധതികൾ വരെ ഇപ്പോൾ യഥാർത്ഥ്യമാകുന്നുണ്ട്. കിഫ്ബി വഴി അരലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം പ്രസം​ഗത്തിനിടെ മന്ത്രി സുധാകരൻ കിഫ്ബിയുടെ പേര് ഒഴിവാക്കിയത് ശ്രദ്ധേയമായി. കിഫ്ബി ഫണ്ടിൽ നിന്നുള്ള 214 കോടി രൂപ ഉപയോ​ഗിച്ചാണ് ഹൈവേ വികസനം യഥാർത്ഥ്യമാക്കിയതെങ്കിലും കിഫ്ബി എന്നു പറയാതെ സംസ്ഥാന ഫണ്ട് ഉപയോ​ഗിച്ചാണ് റോഡ് വികസിപ്പിച്ചതെന്നാണ് ജി.സുധാകരൻ പറഞ്ഞത്.

ഒരു പാലം നിർമ്മിക്കാൻ അഞ്ചും ആറും വർഷം വേണ്ടി വരുന്നത് പാലം നിർമ്മണത്തിനിടെ അഴിമതി നടത്താനുള്ള ശ്രമത്തിൻ്റെ ഭാ​ഗമായാണെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം കേരളത്തിൽ വികസനം മാത്രമാണ് നടക്കുന്നതെന്നും വികസനത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സുധാകരൻ പറഞ്ഞു. 

കരമന മുതൽ പ്രാവച്ചമ്പലം വരെ ഹൈവേ നിർമ്മാണം പൂർത്തിയാക്കി അഞ്ച് വർഷത്തിന് ശേഷമാണ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നത്. ഇടത് സർക്കാരിന്റ കാലാവധി തീരുന്നതിന് തൊട്ടുമുൻപാണ് പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നത്. ബാലരാമപുരം ജംഗ്ഷൻ കഴിഞ്ഞ് വഴിമുക്ക് വരെ ആറര കിലോമീറ്ററായിരുന്നു രണ്ടാം ഘട്ടത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ നഷ്ടപരിഹാരം സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ടാം ഘട്ടം കൊടിനടവരെ ചൂരുക്കി.

അഞ്ചര കിലോമീറ്റർ റോഡിന്റെ പണി 2019 ജനുവരിയിലാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഏ‌ൽപ്പിക്കുന്നത്. 108 കോടി രൂപയാണ് അടങ്കൽ തുക. രണ്ട് വർഷം കൊണ്ട് നിർമ്മിക്കാനായിരുന്നു തീരുമാനം. കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും പറഞ്ഞ സമയത്ത് പണി പൂർത്തിയായി. അന്ത‍ർദേശിയനിലവാരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. റിഫ്ലക്ടറുകൾ, ഹൈമാസ് ലൈറ്റ് എന്നിവയെല്ലാം പദ്ധതിയുടെ ഭാ​ഗമായി സ്ഥാപിച്ചു. 

പാതാ വികസനത്തിൻ്റെ ഭാ​ഗമായി നാല് സ്ഥലങ്ങളിൽ സിഗ്നലുകൾ വരും. ഫുട്പാത്തുകളും നിർമ്മിച്ചിട്ടുണ്ട്. എന്നാൽ നാല് വരി പാത കൊടിനടയിലെത്തുമ്പോൾ കുപ്പിക്കഴുത്തായ ബാലരാമപുരത്ത് വൻ ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. വഴിക്കടവ് വരെ  ഒന്നരകിലോമീറ്റർ റോഡിന്റെ സ്ഥലമെടുപ്പിനായി കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചെങ്കിലും അത് വഴിമുട്ടി നിൽക്കുകയാണ്.

ബാലരാമപുരം ജംഗ്ഷനിൽ അണ്ടർ പാസ് വേണമെന്ന നിർദ്ദേശം കച്ചടവക്കാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. വീതി കൂട്ടിയാലും ഓവർബ്രിഡ്ജോ അണ്ടർപാസോ ഇവിടെ വന്നില്ലെങ്കിൽ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകില്ലന്ന ആശങ്ക ശക്തമാണ്. വഴിമുക്ക് വരെയെങ്കിലും ഉടൻ വീതി കൂട്ടിയില്ലെങ്കിൽ ഹൈവേ വീതികൂട്ടലിന്റെ പ്രയോജനം പൂർണമായും ജനങ്ങൾക്ക് കിട്ടില്ല.

Follow Us:
Download App:
  • android
  • ios