തിരുവനന്തപുരം: എറണാകുളത്തെ വൈറ്റില പാലം അനധികൃതമായി തുറന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഗതാഗതവകുപ്പ് മന്ത്രി ജി സുധാകരൻ. സംഭവത്തിന് പിന്നിൽ മാഫിയയാണ്. ഗൂഢാലോചനയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നിൽ ഉള്ള അതേ ഗ്യാംഗാണ് ഈ സംഭവത്തിനും പിന്നിൽ. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീഴ്ത്തിയതാണ്. എറണാകുളത്ത് ഒരു പ്രൊഫഷണൽ ക്രിമിനൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''കണ്ടോണ്ട് നിക്കുന്നവരല്ല, പാലം പണിത എഞ്ചിനീയർമാരാണ് എപ്പോൾ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണ്. അവർക്ക് ആർക്കും, എത്ര പിന്തുണയുണ്ട് എന്നതൊന്നും ഞങ്ങളുടെ വിഷയമല്ല. ക്രിമിനൽ കുറ്റമാണിത്'', ജി സുധാകരൻ പറയുന്നു. പാലാരിവട്ടം പാലം മെയ് മാസത്തിൽ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു. 

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീഴ്ത്തിയതാണ് പാലാരിവട്ടം പാലം കേസിലെന്ന് ജി സുധാകരൻ എടുത്തു പറയുന്നു. ''അങ്ങേർക്ക് നാലഞ്ച് കോടിയൊക്കെ കിട്ടിയിട്ട് അത്യാവശ്യമൊന്നുമില്ല എന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ. അങ്ങേരെ വീഴ്ത്തിയതാണ്. ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണ്. അതേക്കുറിച്ചൊന്നും ഞാനിപ്പോഴൊന്നും പറയുന്നില്ല. പക്ഷേ, പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാൻ ചെയ്യുന്ന ഒരു പ്രൊഫഷണൽ ക്രിമിനൽ സംഘമുണ്ടിവിടെ. ഞാനിത് നേരത്തേയും പറഞ്ഞതാണ്. ആവർത്തിക്കുന്നു'', എന്ന് ജി സുധാകരൻ. 

പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുന്നതിനാലാണ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകുന്നതെന്ന് മന്ത്രി പറയുന്നു. പണി കഴിഞ്ഞിട്ട് ഒരു മാസമായി. ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് പ്രധാനമന്ത്രി ഇങ്ങോട്ട് അറിയിച്ചതാണ്. ഉപരിതല, റോഡ്, ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ് മുഖാന്തരം പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുകയാണ്. ഇതുവരെ പ്രധാനമന്ത്രി ഒരു തീയതി നൽകിയിട്ടില്ലെന്നും ജി സുധാകരൻ പറയുന്നു. മുഖ്യമന്ത്രി വന്നാലേ വൈറ്റില പാലം തുറക്കാനാകൂ എന്ന് സർക്കാർ വാശി പിടിക്കുകയാണ് എന്നതേടക്കമുള്ള ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായാണ്, ജി സുധാകരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

ഉദ്ഘാടനത്തിന് മുൻപെ വൈറ്റില പാലത്തിലൂടെ അനധികൃതമായി വാഹനം കടത്തിവിട്ട കേസിൽ ഇതുവരെ ഏഴ് വി ഫോർ കേരള പ്രവ‍ർത്തകരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം റിമാൻഡിലായ വി ഫോർ കേരള കൺവീനർ നിപുൺ ചെറിയാൻ ഉൾപ്പടെ നാല് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കുകയാണ്. പാലത്തിലൂടെ വാഹനം കടത്തി വിട്ടതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ഹാജരാക്കാൻ പൊലീസിനോട് കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാണ് വി ഫോർ കേരളയുടെ പ്രതികരണം.