കൊച്ചി: കൊച്ചയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ കുറിച്ച് പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍.  ഗതാഗതക്കുരുക്ക് കേരളത്തില്‍ എല്ലായിടത്തുമുണ്ടെന്നും പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കേണ്ടത് അത്യാവശമാണ്. മാധ്യമങ്ങൾ തെറ്റായ  കണക്ക്  പറയുകയാണ്. ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് പൊതുമരാമത്ത്  വകുപ്പിനെതിരെ  എറണാകുളം  കേന്ദ്രികരിച്ച്  ഒരു  ലോബി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. 

വെള്ളിയാഴ്ച മണിക്കൂറുകളോളം ഗതാഗത സ്തംഭനം ഉണ്ടായ കുണ്ടന്നൂർ, വൈറ്റില അടക്കമുള്ള റോഡുകളുടെ ശോച്യാവസ്ഥ നേരിട്ടറിയാൻ ഇന്നലെ രാവിലെ പത്ത് മണിയോടെ മന്ത്രി എത്തിയിരുന്നു. മഴമാറി നിന്നാൽ കൊച്ചിയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഓക്ടോബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കൂടാതെ നിർമ്മാണ പ്രവർത്തനത്തിന്‍റെ മേൽനോട്ടത്തിന് എട്ടംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.

വൈറ്റില മേൽപ്പാലം നിർമ്മാണവും ഗതാഗതക്കുരുക്കും നേരിട്ട് കണ്ട മന്ത്രിയോട് മേൽപ്പാലം നിർമ്മാണം ജനുവരിയിൽ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥരറിയിച്ചെങ്കിലും മാർച്ചുവരെ സമയം അനുവദിക്കാമെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ചേർന്ന അവലോകന യോഗത്തിൽ കൊച്ചിയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏഴ് കോടിരൂപ മന്ത്രി ഇന്നലെ അനുവദിച്ചു.