ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാകുന്നതെന്ന് സുധാകരൻ പറയുന്നുണ്ടെങ്കിലും ഏറെക്കാലമായുള്ള അസംതൃപ്തിയും കാരണമായെന്നാണ് സൂചന.
ആലപ്പുഴ: കണ്ണൂരിൽ നടക്കുന്ന 23-ാം സിപിഎം പാർട്ടി കോൺഗ്രസിൽ (CPM Party Congress) പങ്കെടുക്കാനില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ (G Sudhakaran). ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകി. സുധാകരന്‍റെ ആവശ്യം അംഗീകരിച്ച പാർട്ടി നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ ഉൾപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാകുന്നതെന്ന് സുധാകരൻ പറയുന്നുണ്ടെങ്കിലും ഏറെക്കാലമായുള്ള അസംതൃപ്തിയും കാരണമായെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ എറണാകുളം സമ്മേളനത്തിലും പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകിയിരുന്നു.
അതേസമയം, ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. പ്രതിനിധികളും നിരീക്ഷകരുമായ 815 പേർ നാളെ മുതൽ സമ്മേളനത്തിയായി എത്തി തുടങ്ങും. അഞ്ചാം തീയതി കണ്ണൂർ ജില്ലയുടെ അതിർത്തിയായ പെരിങ്ങത്തൂർ വച്ച് പതാകജാഥക്കും കരിവള്ളൂരിൽ വച്ച് കൊടിമര ജാഥയ്ക്കും സ്വീകരണം നൽകുമെന്നും എം വി ജയരാജൻ പറഞ്ഞു. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള വിവിധ പരിപാടികളിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. സീതാറാം യെച്ചൂരി നാലാം തീയതി കണ്ണൂരിലെത്തും.
സിപിഎം പാർട്ടി കോൺഗ്രസിന് നാല് ദിനം; നയത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നു
സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ തുടങ്ങാൻ നാലു ദിനം ബാക്കി നില്ക്കെ പാർട്ടി ദേശീയതലത്തിൽ സ്വീകരിക്കേണ്ട നയത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നു. കോൺഗ്രസ് ഉൾപ്പടെയുള്ള മതേതര ജനാധിപത്യ പാർട്ടികളുടെയെല്ലാം കൂട്ടായ്മ എന്ന നിലപാടിനോട് യോജിക്കാൻ ഇപ്പോഴും കേരള ഘടകം തയ്യാറായിട്ടില്. കോൺഗ്രസിന് വർഗ്ഗീയത ചെറുക്കാനാവില്ല എന്ന കേരളഘടകത്തിൻറെ നിലപാട് ഭിന്നതയ്ക്ക് വഴിവയ്ക്കാനാണ് സാധ്യത.
സിപിഎമ്മിൻറെയും ഇടതുപക്ഷത്തിൻ്റെയും സ്വതന്ത്ര ശക്തി കൂട്ടുക എന്നതാണ് ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ പോകുന്ന രാഷ്ട്രീയ സംഘടന റിപ്പോർട്ടും നിർദ്ദേശിക്കുന്നത്. അങ്ങനെ ശക്തി കൂട്ടി പഴയ തട്ടകങ്ങൾ തിരിച്ചു പിടിക്കാൻ സമയം എടുക്കും എന്ന് പാർട്ടിക്കറിയാം. തല്ക്കാലം ബിജെപിയാണ് മുഖ്യശത്രു. അതിനാൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട വിശാല മതേതര സഖ്യം എന്നതാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്നോട്ടു വയ്ക്കുന്ന നിലപാട്. എന്നാൽ കോൺഗ്രസിനെ ഈ സഖ്യത്തിലേക്ക് കൊണ്ടു വരുന്നതിലുള്ള എതിർപ്പ് കേരളഘടകം തുടരുന്നു എന്നാണ് സൂചന.
വർഗ്ഗീയത ചെറുക്കാൻ കോൺഗ്രിനാവില്ല. അതിനാൽ തലക്കാലം കോൺഗ്രസിനെ ഒഴിവാക്കിയുള്ള കൂട്ടായ്മയ്ക്ക് പാർട്ടി ശ്രമിക്കണം എന്ന നിർദ്ദേശം ഒരു വിഭാഗം പാർട്ടി കോൺഗ്രസിൽ ശക്തമായി ഉയർത്തും. പശ്ചിമ ബംഗാളിൽ വീണ്ടും കോൺഗ്രസുമായി ധാരണ വേണോ എന്നതിലും തർക്കമുണ്ട്. കണ്ണൂരിലെ ചർച്ചകൾ ഇക്കാര്യത്തിലുള്ള പാർട്ടി നയത്തെയും സ്വാധീനിക്കും. സീതാറാം യെച്ചരി ജനറൽ സെക്രട്ടറിയായി തുടരും. എന്നാൽ കോൺഗ്രിനെ ഒഴിവാക്കാതെയുള്ള യെച്ചൂരി നയത്തെ പാർട്ടി എത്രത്തോളം അംഗീകരിക്കും എന്നതാണ് അറിയേണ്ടത്. ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിലെ നിലപാട് തള്ളാനും പാർട്ടികോൺഗ്രസിനാകില്ല.
