തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരായി സംസ്ഥാനം കൊണ്ടു വന്ന പ്രമേയയത്തെ അനുകൂലിച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. കൃഷി ഭൂമി കുത്തക മുതലാളികളുടേതായി മാറി, രാജ്യത്തെ കർഷകർ അടിമകളായി മാറുന്ന നിയമമാണിതെന്ന് ഗണേഷ് കുമാർ ആരോപിച്ചു. 

രാജ്യത്തെ കർഷകരെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ കാർഷിക നിയമം. കർഷകർ, കർഷക തൊഴിലാളികളായി മാറും. എന്ത് ഉൽപ്പാദിപ്പിക്കണം, എവിടെ എന്ത് വിലക്ക് വിൽക്കണം എന്ന് പോലും കർഷകർക്ക് തീരുമാനിക്കാൻ കഴിയാതെ വരും. കർഷകരെ ബാധിക്കുന്ന നിയമം ചർച്ച ചെയ്യപ്പെടാതെ പാസാക്കുകയായിരുന്നു. പൂഴ്ത്തി വെക്കും കരിഞ്ചന്തയും തടയുവാനുള്ള ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ശക്തി കുറക്കും. കരിഞ്ചന്തയ്ക്ക് കുത്തക മുതലാളിമാർക്ക് അവസരം നൽകുന്ന നിയമമാണിതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. 

ആസിയാൻ കരാറിനെയും ഘാട്ട് കരാറിനെയും കുറിച്ച് സൂചിപ്പിച്ച ഗണേഷ്, കരാറുകളുടെ ഫലമായി കേരളത്തിലെ റമ്പർ കർഷകർക്ക് ഉണ്ടായ പ്രശ്നങ്ങളെയും ഓർമ്മിപ്പിച്ചു. ആദ്യ തവണ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടികളെയും ഗണേഷ് വിമർശിച്ചു. ഗവർണർ മിതത്വം പാലിക്കണമെന്ന് ഓർമ്മിപ്പിച്ച ഗണേഷ്, ഗവർണറുമായി മുഖ്യമന്ത്രി യുദ്ധം ചെയ്യേണ്ടതില്ലെന്നും അത്തരം സംസ്കാരത്തിലേക് മുഖ്യമന്ത്രി പോകാത്തതാണ് നല്ലതെന്നും കൂട്ടിച്ചേർത്തു.