കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേർന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ  തീരുമാനിച്ചു. ഇയാൾ മാപ്പുസാക്ഷി വിപിന്‍ ലാലിന്‍റെ അമ്മാവനെ കാണാൻ കാസർകോട്ടെ  ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. സോളാർ കേസിൽ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെട്ടയാളാണ് പ്രദീപ് കുമാറെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

അതേ സമയം വാച്ച് വാങ്ങാനാണ് കാസർകോട്ടെ ജ്വല്ലറിയിൽ വന്നതെന്നും ആരെയും കാണാനല്ലെന്നും പ്രതിഭാഗം വാദിച്ചു.  ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് അപേക്ഷ സമർപ്പിച്ച ഉടനെയാണ് മാപ്പുസാക്ഷിക്ക് ഭീഷണിക്കത്തു വന്നത്. ഇത് എല്ലാം അന്വേഷണ 
സംഘത്തിന്റെ തിരക്കഥയാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. 

പ്രദീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രദീപ് കുമാർ കാസർകോട് വന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഭീഷണിപ്പെടുത്തിയതിന്റെ ഫോൺ രേഖകളും ഉണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രദീപ് തന്നെയാണ് വിപിന്‍ ലാലിന്‍റെ ബന്ധുവിനെ വിളിച്ചതെന്നും ഒരു തവണ മാത്രമാണ് സിം ഉപയോഗിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.