ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നത് മൂലം കോണ്‍ഗ്രസ് വലിയ തെറ്റാണ് ചെയ്തത്. ഇത് ബൂമറാങ്ങായി വരും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മിത്ത് വിവാദം പ്രധാന പ്രചാരണ വിഷയമാക്കി ബി ജെ പി. സ്പീക്കര്‍ ഷംസീറിൻ്റെ പരാമർശം രാജ്യത്തെ മുഴുവൻ ഹൈന്ദവ വിശ്വാസികൾക്കും മുറിവുണ്ടാക്കിയെന്നും ഷംസീർ മാപ്പ് പറയണമെന്നും ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ഡോ രാധ മോഹൻ അഗർവാൾ പറഞ്ഞു. ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധത്തിലാണെന്നും രാധാ മോഹൻ അഗർവാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മണ്ഡലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരു പോലെ തൊടാതിരിക്കുന്ന വിഷയമാണ് മിത്ത് വിവാദവും സ്പീക്കറുടെ ഗണപതി പരാമര്‍ശവും. എന്നാല്‍ ഇത് തന്നെ മണ്ഡലത്തില്‍ പ്രചാരണ ആയുധമായാണ് ബിജെപി ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മിത്ത് വിവാദം പ്രതിഫലിക്കുമെന്നും ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി പറയുന്നു. വോട്ട് ഷെയര്‍ വര്‍ധിക്കുമെന്നും തെരഞ്ഞെടുപ്പിലെ സുപ്രധാന പാര്‍ട്ടികളിലൊന്നാവും ബിജെപിയെന്നും മോഹൻ അഗർവാൾ പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നത് മൂലം കോണ്‍ഗ്രസ് വലിയ തെറ്റാണ് ചെയ്തത്. ഇത് ബൂമറാങ്ങായി വരും.

വികസനം ചര്‍ച്ചയാകുമ്പോള്‍ മോദിയുടെ വികസന നേട്ടങ്ങള്‍ അവരുടെ നേട്ടങ്ങളെ പിന്തള്ളുമെന്ന് എതിരാളികള്‍ ഭയക്കുന്നുണ്ട്. ഇതുകൊണ്ടാണ് ഗണപതി വിവാദം ഉണ്ടായത്. അല്ലാത്ത പക്ഷം ഗണപതിയേക്കുറിച്ച് ഒരു വിവാദം ഉണ്ടാക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. സ്പീക്കറുടെ പരാമര്‍ശം വളരെ മോശമാണ്. സിപിഎം നേതാക്കള്‍ക്കെതിരെ മാത്രമല്ല കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ഇഡി അന്വേഷണമുണ്ട്. അവസാന റിപ്പോര്‍ട്ട് വരുമ്പോള്‍ ആരെയും ഒഴിവാക്കില്ലെന്നും രാധ മോഹന്‍ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം