ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ കള്ളപ്പണ വേട്ട. മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാരെന്ന നിലയിൽ സമീപിച്ചാണ് പൊലീസ് കള്ളനോട്ട് സംഘത്തെ കുടുക്കിയത്.

ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് തമിഴ്നാട്ടിൽ നിന്നുള്ള കള്ളനോട്ട് സംഘത്തെ പൊലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തെ കുറിച്ച് ജില്ലാ പൊലീസ് നർക്കോട്ടിക് വിഭാഗത്തിനാണ് ആദ്യം വിവരം കിട്ടുന്നത്. തുടർന്ന് സംഘത്തിന്‍റെ ഇടനിലക്കാരനുമായി പൊലീസ് ബന്ധപ്പെട്ട് കള്ളനോട്ട് ആവശ്യപ്പെട്ടു. മൂന്ന് ലക്ഷം രൂപ നൽകിയാൽ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് നൽകാമെന്നായിരുന്നു സംഘത്തിന്‍റെ വാഗ്ദാനം. ഇവരുടെ വിശ്വാസ്യത ആര്‍ജ്ജിച്ച പൊലീസ് കമ്പംമെട്ടിലേയ്ക്ക് സംഘത്തെ വിളിച്ചു വരുത്തി. ആവശ്യമെങ്കിൽ ഇവര്‍ക്ക് കൈമാറുന്നതിനായി മൂന്ന് ലക്ഷം രൂപയും കരുതിയിരുന്നു. എന്നാല്‍ കമ്പംമെട്ടിലെത്തിയപ്പോൾ കള്ളനോട്ട് സംഘത്തിന് അപകടം മണത്തു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ വളഞ്ഞിട്ട് പിടികൂടി.

തുടർ ചോദ്യം ചെയ്യലിൽ ഇവർ സഞ്ചരിച്ച വാഹനത്തിനുള്ളിലെ രഹസ്യ അറയിൽ നിന്ന് ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തു. കുമളി സ്വദേശി സെബാസ്റ്റ്യനാണ് സംഘത്തെ മലയാളികളുമായി ബന്ധിപ്പിച്ചിരുന്നത്. ഇയാളെയും മറ്റ് അഞ്ച് തമിഴ്നാട് സ്വദേശികളെയും കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.