വാളയാറിൽ ബസിൽ കഞ്ചാവ് കടത്തിയ കേസിൽ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഇതിനിടെ, ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് 57 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ തമിഴ്നാട്ടിലെ കമ്പത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട്: വാളയാറിൽ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോ (31)യെ ആണ് കോടതി ശിക്ഷിച്ചത്.
2018 ജനുവരി 30 ന് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം വാഹന പരിശോധനക്കിടെയാണ് തമിഴ്നാട് ട്രാൻസ്‌പോർട് ബസിൽ 1.5 കിലോഗ്രാം കഞ്ചാവുമായി വന്ന ലിജോയും രണ്ടാം പ്രതി ശ്രീദേവും(29 വയസ്) എക്‌സൈസിന്റെ പിടിയിലായത്. തൃത്താല റേഞ്ചിലെ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ർ എം എസ് പ്രകാശിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. തുടർന്ന് പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന എം സജീവ് കുമാർ കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
രണ്ടാം പ്രതിക്ക് 2 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പാലക്കാട് സെക്കന്‍റ് അഡീഷണൽ ജഡ്ജ് ഡി സുധീർ ഡേവിഡ് ആണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
57 കിലോ കഞ്ചാവ് പിടികൂടി
അതിനിടെ ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ കഞ്ചാവുമായെത്തിയ മൂന്ന് പേരെ കമ്പം ബൈപ്പാസിൽ വെച്ച് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 57 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കിക്കാരായ മുഹമ്മദ് ജിസാസ്, ആസാദ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. തേനി ജില്ലയിലെ കമ്പം ബൈപ്പാസിലുള്ള മണികട്ടി ആലമരത്തിന് സമീപത്ത് വെച്ചാണ് മുവർ സംഘം പിടിയിലായത്.
കേരളത്തിൽ നിന്നുള്ള ചിലർ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് എത്തിയിട്ടുള്ളതായി നോർത്ത് പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്ത് സംഘം പിടിയിലായത്. തെലങ്കാന രജിസ്ട്രേഷൻ കാറിൽ 18 കെട്ടുകളായി സൂക്ഷിച്ചിരുന്ന 57 കിലോ കഞ്ചാവും കാറും കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽക്കാൻ കൊണ്ടുവരുകയായിരുന്നു ഇവർ. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും റിമാൻഡ് ചെയ്തു.


