ടാങ്കര്‍ ലോറിയുടെ ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം:കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

 കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ വാതക ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തെതുടര്‍ന്ന് എം സി റോഡിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രദേശത്തെവൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചു. ടാങ്കറിലേക്ക് ഫയര്‍ഫോഴ്സ് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. നിലവിൽ വെട്ടിക്കവലയിൽ നിന്ന് സദാനന്ദപുരം വരെ സമാന്തര റോഡിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ടാങ്കറിലെ വാതകം നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.