തിരുവനന്തപുരം: ജാതി മത വ്യത്യാസങ്ങള്‍ക്കപ്പുറം ഒരുമയുടെ ഇടങ്ങളായിരുന്നു സര്‍ക്കസ് കൂടാരങ്ങളെന്ന് ജെമിനി സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കരന്‍. ഒരുകാലത്ത് മിശ്രവിവാഹങ്ങള്‍ ഏറ്റവുമധികം നടന്നിരുന്നത് സര്‍ക്കസ് കൂടാരങ്ങളിലായിരുന്നു. കൂടാരത്തിനുള്ളിലെ മനുഷ്യര്‍ തമ്മില്‍ യാതൊരു വിവേചനങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റിവലിലെ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യന്‍ സര്‍ക്കസ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സര്‍ക്കസിലേയ്ക്ക് വരാന്‍ ഇന്ന് ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കസ് കൂടാരങ്ങളില്‍ മൃഗങ്ങളെ ഉപദ്രവിക്കുകയാണെന്ന മനേക ഗാന്ധിയുടെ പ്രതികരണത്തെ പറ്റി മോഡറേറ്റര്‍ താഹ മാടായി ചോദിച്ചപ്പോള്‍ ജെമിനി ശങ്കരന്‍ ക്ഷുഭിതനായി. സര്‍ക്കസില്‍ മൃഗങ്ങളെ ഉപദ്രവിക്കാറില്ല, അതിനെ പരിശീലിപ്പിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തെരുവില്‍ സവാരിയ്ക്കായി കുതിരകളെ കൊണ്ടുനടക്കുന്നവര്‍ അതിനെ ഉപദ്രവിക്കുന്നതിലും കഴുതകളെ കൊണ്ട് അതിന് താങ്ങാനാകാത്ത ഭാരം ചുമപ്പിക്കുന്നതിലും ആര്‍ക്കും പരാതിയില്ലെ എന്നും അദ്ദേഹം ചോദിച്ചു.

ആദ്യത്തെ റിയാലിറ്റി ഷോ സര്‍ക്കസ് ആണെന്ന് താഹ മാടായി പറഞ്ഞു. തന്‍റെ നീണ്ടകാലത്തെ സര്‍ക്കസ് അനുഭവങ്ങള്‍ ജമിനി ശങ്കരന്‍ സദസ്സില്‍ പങ്കുവച്ചു.