തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍.പി.ആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍. ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ 2021-ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് എന്‍.പി.ആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കലക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.

സെൻസർ കമ്മീഷണർ വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം നാളെ ദില്ലിയിൽ നടക്കും. കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഈ യോഗത്തിൽ പങ്കെടുക്കില്ല. പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കേരളം നിർത്തിവച്ച കാര്യം യോഗത്തിൽ അറിയിക്കും.