മലപ്പുറം: മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ച മലപ്പുറം കോട്ടക്കുന്നിൽ  വീണ്ടും  അപകട സാധ്യതയുള്ളതായി   ജിയോളജി സംഘത്തിന്‍റെ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി  മഴ പെയ്യുമ്പോള്‍ ഇനിയും  മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.   പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്നു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

അപകടമുണ്ടായ കോട്ടക്കുന്നിലെത്തി ജിയോളജി- റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കോട്ടക്കുന്നിന്‍റെ പടിഞ്ഞാറ്,വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടം നടന്ന  സ്ഥലത്തിനടുത്ത് വിള്ളൽ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് റവന്യൂ -ജിയോളജി അധികൃതരുടെ നിലപാട്

കോട്ടക്കുന്നിന്‍റെ രണ്ട് ഭാഗങ്ങളില്‍ താമസക്കാരായ നാല്‍പതോളം കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്‍റെ പരിസരത്തുള്ള  പല
കെട്ടിടങ്ങളും   നിർമ്മാണ പ്രവര്‍ത്തികളും അനുമതിയില്ലാത്തതാണെന്ന് നഗരസഭ വ്യക്തമാക്കി. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല അറിയിച്ചു.