കൊച്ചി: കൊച്ചിയിൽ ജോർജ്ജ് ഇന്‍റർനാഷണൽ എന്ന സ്ഥാപനത്തിന്‍റെ ജോലി തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികളും ഉടമകളുടെ പ്രതിനിധിയും തമ്മിൽ നടത്തിയ മധ്യസ്ഥ ചർച്ച ഒത്തുതീർപ്പിലെത്താതെ പിരിഞ്ഞു. ഹൈക്കോടതി നിയോഗിച്ച അഭിഭാഷകൻ ആണ് ഇരുവിഭാഗവുമായി ചർച്ച നടത്തിയത്. ഫെബ്രുവരി മൂന്നിന് വീണ്ടും ചർച്ച നടക്കും.

വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയെന്ന പരാതി ഉയർന്നതോടെ, പനമ്പള്ളി നഗറിലെ ജോർജ്ജ് ഇന്‍റർനാഷണൽ എന്ന സ്ഥാപനത്തിന്‍റെ ഉടമ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടത്താനും ഇരുവിഭാഗവുമായി ചർച്ച നടത്താനും അഭിഭാഷകനെ കോടതി ചുമതലപ്പെടുത്തി. ചർച്ച നടക്കുന്നതറിഞ്ഞ് പണം നഷ്ടപ്പെട്ട നൂറോളം പേർ സംസ്ഥാനത്തിൻറെ വിവിധ ഭാഗത്തു നിന്നായി എത്തിയിരുന്നു. ഉദ്യോഗാർത്ഥികൾ പണം നൽകിയതിന്‍റെ രേഖകൾ ഹാജരാക്കാനും മൂന്നാം തീയതി വീണ്ടും ചർച്ച നടത്താനും തീരുമാനമായി.

എറണാകുളം സ്വദേശി ലിസി ജോർജിൻറെ പേരിലുള്ള സ്ഥാപനം നടത്തിയിരുന്നത്  ഇരിട്ടി സ്വദേശി ജോർജ്ജ്, തൊടുപുഴ സ്വദേശി അനീഷ് ജോസ്, സഹോദരൻ ആദർശ് ജോസ് എന്നിവരാണ്. അനീഷ് വിദേശത്താണ്. മറ്റു രണ്ടു പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഉടമ ലിസി, ജീവനക്കാരി എറണാകുളം സ്വദേശി ജിൻസി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലിസി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒന്നരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിഗമനം.
പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഇപ്പോഴും നിരവധി പേരാണ് തേവര പൊലീസിനെ സമീപിക്കുന്നത്.