Asianet News MalayalamAsianet News Malayalam

'വിക്കറ്റ്‌ എണ്ണുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, എവിടെയാണോ എന്തോ'; ട്രോളുമായി പി വി അന്‍വര്‍

അമ്പയറുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ വിക്കറ്റ്‌ എണ്ണി എണ്ണി പാവത്തിന്‍റെ നടുവൊടിയുന്നുണ്ടെന്നും പി വി അന്‍വര്‍ പരിഹസിച്ചു.

ghulam nabi azad resignation p n anwar mocks former mla
Author
First Published Aug 26, 2022, 4:16 PM IST

നിലമ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ട്രോളുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കഴിഞ്ഞ സഭയിൽ വിക്കറ്റ്‌ എണ്ണുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു തനിക്കെന്നും എവിടെയാണോ എന്തോ എന്നുമാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിക്കറ്റ് വിളിക്കുന്ന അമ്പയറുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ വിക്കറ്റ്‌ എണ്ണി എണ്ണി പാവത്തിന്‍റെ നടുവൊടിയുന്നുണ്ടെന്നും പി വി അന്‍വര്‍ പരിഹസിച്ചു.

കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയത്. ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്‍റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്.  കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്‍റെ വിമര്‍ശനം. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്‍റെ രാജി. അതേസമയം, ഗുലാം നബിക്ക് പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിടുമെന്നാണ് സൂചനകളാണ് പുറത്ത് വരുന്നത്. ജമ്മുകശ്മീരിലെ മുൻ എംഎൽഎമാര്‍ കൂടിയായ അഞ്ച് കോൺഗ്രസ് നേതാക്കൾ ഇതിനകം രാജി പ്രഖ്യാപിച്ച് കഴിഞ്ഞു. മുൻ മന്ത്രി ജി എം സരുരി, അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവരാണ് ഏറ്റവും ഒടുവിലായി രാജി പ്രഖ്യാപിച്ചത്.

ഗുലാം നബി ആസാദിൻ്റെ വസതിയിൽ വച്ചാണ് രാജി പ്രഖ്യാപനമുണ്ടായത്. ഗുലാം നബിക്കൊപ്പം കൂടൂതൽ നേതാക്കളും പ്രവർത്തകരും രാജിവെച്ച് പുറത്തേക്ക് പോകുമെന്ന് ജി എം സരൂരി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. അടുത്ത ആഴ്ച്ച ഗുലാം നബിയെ അനൂകൂലിക്കുന്നവർ ഒത്തു ചേരും.

പുതിയ പാർട്ടി പ്രഖ്യാപനത്തിൽ തീരുമാനം ഗുലാം നബിയുടെതാകുമെന്നും അദ്ദേഹം വിശദീകരിച്ചു. രാഹുൽ ഗാന്ധിക്കെതിരാണ് നീക്കമെന്ന ശക്തമായ സന്ദേശം നല്‍കിയാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിടുന്നത്. ജമ്മുകശ്മീരിലെ തെര‌‌ഞ്ഞെടുപ്പിൽ ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാനാണ് സാധ്യത. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രഹരമേല്‍പ്പിച്ച് കൂടിയാണ് ആസാദിന്‍റെ രാജി. 

'ഗുലാംനബിയുടെ നിയന്ത്രണം മോദിയുടെ റിമോട്ട് കൺട്രോളിൽ'; വിമ‍ര്‍ശിച്ച് മുതി‍ര്‍ന്ന കോൺഗ്രസ് നേതാവ്

Follow Us:
Download App:
  • android
  • ios