Ginger price : 15 ദിവസം മുമ്പ് വരെ 60 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് 600 മുതല്‍ 650 രൂപ വരെയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ഇത് 1400 മുതല്‍ 1500 വരെയായി ഉയര്‍ന്നിരിക്കുന്നു. 

കല്‍പ്പറ്റ: ഇഞ്ചി കൊണ്ട് മുറിവേറ്റവരും അത്യുന്നതങ്ങളില്‍ എത്തിയവരും ഏറെയുള്ള ജില്ലയാണ് വയനാട്. അനുകൂലമായ സാഹചര്യങ്ങളും വളക്കൂറുള്ള മണ്ണും തേടി നൂറുക്കണക്കിന് മലയാളികളാണ് കറുത്ത മണ്ണിന്റെ നാടായ കര്‍ണാടകയിലേക്ക് ഇഞ്ചിക്കൃഷിക്കായി ചേക്കേറിയിരിക്കുന്നത്. ആദ്യകാലങ്ങളില്‍ പോയവര്‍ ലക്ഷാധിപതികളായി മാറിയപ്പോള്‍ പിന്നീട് പോയവരില്‍ പലരും വിലത്തകര്‍ച്ചയും പാട്ടത്തുക വര്‍ധനയും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ പച്ച പിടിക്കാന്‍ പാടുപ്പെടുന്നതായിരുന്നു കാഴ്ച. കടക്കെണിയില്‍ നിന്ന് കര കയറാനാവാതെ ചിലര്‍ ജീവിതം തന്നെ അവസാനിപ്പിച്ച സംഭവങ്ങളും ഉണ്ടായി.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ അങ്ങേയറ്റം തകര്‍ന്നുകിടക്കുകയായിരുന്നു ഇഞ്ചിക്കൃഷി മേഖല. പാട്ടത്തുകയും തൊഴിലാളി ചെലവും വളവും വിത്തും എല്ലാം കുടി ചേരുമ്പോള്‍ ഇറക്കിയ പണത്തിന്റെ പത്ത് ശതമാനം പോലും തിരിച്ചു കിട്ടാതെ പലരും കൃഷി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് വിപണിയില്‍ നിന്ന് ആശ്വാസമായ വാര്‍ത്തയെത്തുന്നത്. പതുക്കെയാണെങ്കിലും ഇഞ്ചിക്ക് വില ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. 15 ദിവസം മുമ്പ് വരെ 60 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് 600 മുതല്‍ 650 രൂപ വരെയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ഇത് 1400 മുതല്‍ 1500 വരെയായി ഉയര്‍ന്നിരിക്കുന്നു. 

വലിയ ഉയര്‍ച്ചയല്ലെങ്കിലും കൃഷി നിര്‍ത്താന്‍ തയ്യാറെടുക്കുന്ന ചെറുകിട, ഇടത്തരം കൃഷിക്കാരെ സംബന്ധിച്ച് ആശ്വാസം പകരുന്നതാണ് ഈ വിലക്കയറ്റം. വിലത്തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ കനത്ത നഷ്ടമാണ് ഇഞ്ചിക്കൃഷി നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് കര്‍ഷകരെ നയിച്ചത്. കഴിഞ്ഞ വര്‍ഷം കൃഷിചെയ്തതില്‍ വിളവെടുക്കാന്‍ ബാക്കിയുള്ള ഇഞ്ചിയും വിറ്റ് നാട്ടിലേക്കു വണ്ടികയറാന്‍ പലരും ഒരുങ്ങുന്നതിനിടെയാണ് വില ഉയരാന്‍ തുടങ്ങിയിരിക്കുന്നത്. വിളവ് കുറഞ്ഞത് കാരണം വരും ദിവസങ്ങളില്‍ ഇഞ്ചി ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇക്കാരണം കൊണ്ട് തന്നെ ഈമാസം അവസാനത്തോടെ ചാക്കിന് 3,000-3500 രൂപയായി വില ഇനിയും ഉയരുമെന്നാണ് കൃഷിക്കാരുടെ കണക്കുകൂട്ടല്‍. 

അതിനിടെ കൃഷി അവസാനിപ്പിക്കാന്‍ തീരുമാനിച്ച് വിത്തിന് പോലും ഇഞ്ചി ബാക്കി വെക്കാതെ എല്ലാം വിറ്റുപെറുക്കിയ കര്‍ഷകര്‍ വിത്തിഞ്ചിക്കുള്ള ഓട്ടത്തിലും പാട്ടക്കരാര്‍ പുതുക്കാനുള്ള നീക്കത്തിലുമാണിപ്പോള്‍. ഇത് വിത്തിനുള്ള ഇഞ്ചിയുടെ വില ഉയരുന്നതിനും കാരണമായിട്ടുണ്ട്. ഒരു ചാക്ക് (60 കിലോ ഗ്രാം) വിത്ത് ഇഞ്ചിക്ക് 2,000 രൂപയാണ് ഇന്നലെ വരെയുള്ള വില. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വിത്തിഞ്ചി കച്ചവടം തകൃതിയാണെന്നാണ് മലയാളികര്‍ഷകരില്‍ നിന്നും ലഭിക്കുന്ന വിവരം. മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്നുള്ള ഇഞ്ചികര്‍ഷകര്‍ വര്‍ധിച്ചതോടെ പാട്ടത്തുകയില്‍ വലിയ വര്‍ധനവും ഉണ്ടായിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള കര്‍ഷകര്‍ പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍ പോലും പാട്ടത്തുകയില്‍ കാര്യമായ കുറവു വരുത്താന്‍ ഭൂവുടമകള്‍ തയാറാകുന്നില്ല എന്നതാണ് ആക്ഷേപം.

അതേ സമയം ഇപ്പോള്‍ ലഭിക്കുന്ന വില ഉല്‍പാദനച്ചെലവിന് പോലും തികയില്ലെങ്കിലും നഷ്ടം കുറക്കാന്‍ സഹായിക്കുമെന്ന് കര്‍ഷകര്‍ ആശ്വസിക്കുകയാണ്. ഒരേക്കറില്‍ ഇഞ്ചി കൃഷി ചെയ്യുന്നതിന് ആറുലക്ഷം രൂപ വരെയാണ് ചെലവ്. ഒരേക്കര്‍ കരഭൂമിക്കു 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയാണ് 18 മാസത്തെ പാട്ടം. ജലസേചന സൗകര്യമുള്ള വയലുകള്‍ക്കാണെങ്കില്‍ ഏക്കറിനു ഒന്നരലക്ഷം രൂപ വരെ പാട്ടമായി നല്‍കണം. 

വിത്ത്, ചാണകം, പുതയിടല്‍, ജലസേചനത്തിനുള്ള മരാമത്ത് പണികള്‍, പണിക്കൂലി എന്നീ ഇനങ്ങളിലും വലിയ തുക മുടക്കണം. ഇതെല്ലാം ചെയ്താല്‍ മികച്ച ഉല്‍പാദനവും ചാക്കിനു 3,000-4,000 രൂപയെങ്കിലും വില ലഭിച്ചാലെ കൃഷി ലാഭകരമാകൂ. വെള്ളപ്പൊക്കം, വരള്‍ച്ച, രോഗബാധ എന്നിവ വില്ലനായില്ലെങ്കില്‍ ഏക്കറില്‍ 18,000 കിലോഗ്രാം (300 ചാക്ക്) ഇഞ്ചിയാണ് ശരാശരി വിളവ്. മണ്ണിന്റെ ഫലഭൂവിഷ്ടതയും നിരന്തരമുള്ള പരിപാലനവും ഉയര്‍ന്ന വിളവ് ലഭ്യമാക്കുമെങ്കിലും ഇതിനായുള്ള തൊഴിലാളി ചെലവ് നിലവിലെ വിലയില്‍ താങ്ങാന്‍ കഴിയാത്തതാണ്.ഏക്കറില്‍ 30,000 കിലോഗ്രാം വരെ വിളവ് ലഭിച്ചവരുണ്ട്.

കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ്നഗര്‍, കുടക്, ശിവമൊഗ്ഗ ജില്ലകളിലാണ് പ്രധാനമായും കേരളത്തില്‍നിന്നുള്ള കര്‍ഷകര്‍ ഇഞ്ചി കൃഷി ചെയ്യുന്നത്. ഒറ്റയ്ക്കും കൂട്ടായും ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികളുടെ എണ്ണം ആയിരക്കണക്കിനു വരും. പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി സജീവമായിരുന്ന കാലത്തായിരുന്നു കേരളത്തില്‍ ഇഞ്ചിയുടെ സുവര്‍ണകാലം. ഇരട്ടി വരുമാനം ഉണ്ടായതോടെ തദ്ദേശീയരും ഇഞ്ചി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണിപ്പോള്‍ കര്‍ണാടകയില്‍. കര്‍ണാടകക്ക് പുറമെ തമിഴ്നാട്, ഗോവ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂമി പാട്ടത്തിനെടുത്ത് മലയാളികള്‍ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. സ്വദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തുക വായ്പയെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ ഇഞ്ചികൃഷി നടത്തിയവര്‍ക്കാണ് വിലത്തകര്‍ച്ച കടുത്ത ആഘാതമായത്. വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പലരും ഇപ്പോഴുള്ളത്.

നഷ്ടംമൂലം തീര്‍ത്തും പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ മലയാളി കര്‍ഷകരുടെ കൂട്ടായ്മയായ യുനൈറ്റഡ് ഫാര്‍മേഴ്സ് ആന്‍ഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇടപെട്ടുവരുകയാണ്. അടുത്ത വര്‍ഷം തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ കൃഷി തുടരുന്നതിന് ഇതിനകം ഏതാനും പേര്‍ക്ക് ഇഞ്ചിവിത്തും സാമ്പത്തിക സഹായവും നല്‍കി. പാട്ടക്കൃഷിക്കാര്‍ക്ക് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സര്‍ക്കാറുകളുടെ സഹായം ലഭിക്കുന്നില്ല. കേരളത്തില്‍നിന്നുള്ള പാട്ടക്കര്‍ഷകരെ ഇതര സംസ്ഥാന സര്‍ക്കാറുകള്‍ കൃഷിക്കാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും പാട്ടക്കൃഷിക്കാര്‍ക്കു ലഭിക്കുന്നില്ല.

പ്രകൃതിക്ഷോഭത്തിലടക്കം കൃഷിനാശം വന്നാല്‍ തന്നെ നഷ്ടപരിഹാരം ഭൂവുടമക്കാണ് അനുവദിക്കുന്നത്. പാട്ടക്കൃഷിക്കാരെ നിക്ഷേപകരായി കണക്കാക്കണമെന്നും പ്രതികൂല സാഹചര്യങ്ങളില്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്നുമാണ് യുനൈറ്റഡ് ഫാര്‍മേഴ്സ് ആന്‍ഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യങ്ങള്‍. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ എന്ന നിലയില്‍ ഇഞ്ചിക്കൃഷിക്കാരുടെ ആവശ്യങ്ങളോട് കേരള സര്‍ക്കാരും മുഖം തിരിച്ച മട്ടാണ്.