കൊച്ചി: മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ  കള്ളപ്പണകേസില്‍ തനിക്ക് ഇപ്പോഴും ഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു. പരാതി പിൻവലിക്കാൻ തനിക്ക് ഇപ്പോഴും സമ്മര്‍ദ്ദമുണ്ട്. കൈക്കൂലി തനിക്ക് ആവശ്യമുണ്ടായിരുന്നെങ്കില്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കില്ലായിരുന്നെന്നും ഗിരീഷ് ബാബു പറഞ്ഞു. 

കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിലേക്ക് 10 കോടി  കൈമാറിയത് സംബന്ധിച്ച് കേസ്  നൽകിയ ഗിരീഷ് ബാബുവിനെ ഭീഷണിപെടുത്തിയെന്നാണ് പരാതി. ഗിരീഷ് ബാബുവിനെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും സംഘവും ഭീഷണിപ്പെടുത്തിയെന്ന പരാതിയിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം വിജിലൻസ്  ഹൈക്കോടതിയിൽ സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് നൽകിയത്.  

എന്നാല്‍ ഗിരീഷ് ബാബു ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാനാണ് ശ്രമിക്കുന്നതെന്നാണ് വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോപണം. പരാതിയുടെ പേരിൽ ഭാവിയിൽ  ഉപദ്രവിക്കാതിരിക്കാൻ 10 ലക്ഷം രൂപ വേണമെന്ന് കളമശ്ശേരി സ്വദേശി   ഗിരീഷ് ബാബു ആവശ്യപ്പെട്ടെന്നും ഇബ്രാഹിം കുഞ്ഞ് പറയുന്നു. ഏപ്രിൽ 20നും മെയ് രണ്ടിനും രണ്ടു വട്ടം വീട്ടിൽ വന്ന് പണം ആവശ്യപ്പെട്ടു. നിയമ നടപടികളിൽ താൽപ്പര്യമില്ലാത്തതിനാലാണ്  പൊലീസില്‍ പരാതി നൽകാതിരുന്നതെന്നും ഇബ്രാഹിം കുഞ്ഞ് കൊച്ചിയില്‍ പറഞ്ഞിരുന്നു.