Asianet News MalayalamAsianet News Malayalam

'ഇന്ന് ഞങ്ങളെ കണ്ടപ്പോഴേ കുട്ടി ഓടിവന്നു, സന്തോഷവതിയാണ്'; കുട്ടിയുടെ തുടർപഠനം ഏറ്റെടുക്കുമെന്ന് എന്‍എം പിള്ള

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡണ്ട്‌ എൻഎം പിള്ള ഇന്ന് രാവിലെ സംരക്ഷണ കേന്ദ്രത്തിലെത്തി കുട്ടിയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

girl came running when saw us today and is happy NM Pillai will take up the childs further education
Author
First Published Aug 22, 2024, 3:18 PM IST | Last Updated Aug 22, 2024, 5:42 PM IST

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതാകുകയും പിന്നീട് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ അസം സ്വദേശിനിയായ 13 കാരിയുടെ തുടർപഠനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡണ്ട്‌ എൻഎം പിള്ള ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം കുഞ്ഞിന്റെ രക്ഷിതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ മറ്റന്നാൾ കേരളത്തിലേക്ക് തിരികെയെത്തിക്കും. കേരളത്തിൽ നിന്നുള്ള വനിതാ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞിപ്പോൾ ഉള്ളത്. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് ഇന്നലെ താംബരം എക്സ്പ്രസിൽ നിന്ന് 13കാരിയെ തിരിച്ചറിഞ്ഞ് അധികൃതരെ വിവരമറിയിച്ചത്.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡണ്ട്‌ എൻഎം പിള്ള ഇന്ന് രാവിലെ സംരക്ഷണ കേന്ദ്രത്തിലെത്തി കുട്ടിയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പ്രത്യേക അനുമതി നേടിയാണ് അകത്ത് കയറി കുട്ടിയുമായി സംസാരിച്ചത്. ഞാനും വൈഫുമുണ്ടായിരുന്നു. ‍ഞങ്ങളെ കണ്ട സന്തോഷത്തിൽ കുട്ടി ഓടിവന്നു. ആരോ​ഗ്യവതിയായിട്ട്, പ്രസന്നവതിയായിട്ടാണ് അവൾ ഓടിവന്നത്. അമ്മ ഉപദ്രവിക്കുന്നു എന്നാണ് അവൾ പറഞ്ഞത്. വീട്ടിലെ ജോലിയെല്ലാം അവളാണ് ചെയ്യുന്നത്. തുടർന്ന് പഠിക്കാനുള്ള സൗകര്യം വേണം. എവിടെപോകാൻ വേണ്ടിയാണ് ഇറങ്ങിയതെന്ന് ചോദിച്ചപ്പോൾ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക്, അസമിലേക്ക് പോകാൻ വേണ്ടിയാണ് ഇറങ്ങിയതെന്ന് പറ‍ഞ്ഞു. വീട്ടിൽ അമ്മ എപ്പോഴും ഉപദ്രവിക്കും, അടിക്കും. മിനിഞ്ഞാന്നും അനിയത്തിയെ അടിച്ചെന്നും പറ‌ഞ്ഞ് അമ്മ അടിച്ചെന്നാണ് കുട്ടി പറഞ്ഞത്. എൻഎം പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇന്നലെ കുട്ടിയെ കണ്ടപ്പോൾ ഒപ്പം അസം സ്വദേശികളായ കുറച്ച് പേർ ഉണ്ടായിരുന്നു. കുട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ അവരുടെ കുട്ടിയെന്നാണ് ആദ്യം പറഞ്ഞത്. തെളിവ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ പിൻമാറി എന്നും എൻഎം പിള്ള വ്യക്തമാക്കി. കുട്ടിയെ അവർ കൊണ്ടുപോകാനുള്ള ശ്രമമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ കുട്ടിയെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഇന്ന് ഒരു ദുഖവാർത്തയെ നമുക്ക് നേരിടേണ്ടി വന്നേനെ എന്നും എൻഎം പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

സിഡബ്ലിയുസി ഇപ്പോൾ കമ്മിറ്റി കൂടിയിട്ടുണ്ട്. ഇവിടുത്തെ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി എത്രയും പെട്ടെന്ന് കുട്ടിയെ കേരള പൊലീസിന് കൈമാറും. നാളെ ഉച്ചയോടെ കേരള പൊലീസ് സംഘം വിശാഖപട്ടണത്തെത്തും. പിന്നീട് കുട്ടിയുടെ തുടർനടപടികൾ കേരള പൊലീസ് ആയിരിക്കും തീരുമാനിക്കുക. 

Read More: 'കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദി, അസമിലേക്ക് തിരിച്ച് പോകും': 13കാരിയുടെ കുടുംബം

Latest Videos
Follow Us:
Download App:
  • android
  • ios