ഫെബ്രുവരി മാസം 27 ന് സഹോദരൻ ബാബു ഇര്‍ഫാൻ കിഴക്കേ ചാത്തല്ലൂരില്‍ വച്ച്  മര്‍ദ്ദിച്ചെന്ന് പെരുമണ്ണ സ്വദേശി സലീന പറഞ്ഞു.

മലപ്പുറം: പെരുമണ്ണയില്‍ (Perumanna) പിതാവിന്‍റെ രണ്ടാമത്തെ ഭാര്യയിലെ മകൻ നിരന്തരം പിന്തുടര്‍ന്ന് ആക്രമിക്കുന്നുവെന്ന് പെൺകുട്ടിയുടെ പരാതി. ഏറെക്കാലം മുമ്പ് ഉപേക്ഷിച്ചുപോയ പിതാവ് മകളായി തന്നെ അംഗീകരിച്ചതാണ് സഹോദരന്‍റെ വിരോധത്തിന് കാരണമെന്നും പെൺകുട്ടി പറഞ്ഞു. പെരുമണ്ണ സ്വദേശി സലീന സഹോദരന്‍ ബാബു ഇര്‍ഫാനെതിരെ പരാതി നല്‍കി. ഫെബ്രുവരി മാസം 27 ന് സഹോദരൻ ബാബു ഇര്‍ഫാൻ കിഴക്കേ ചാത്തല്ലൂരില്‍ വച്ച് മര്‍ദ്ദിച്ചെന്ന് സലീന പറഞ്ഞു. പിതാവുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ റോഡില്‍ വച്ചാണ് ആക്രമിച്ചത്. ആക്രണത്തില്‍ തലയ്ക്കടക്കം പരിക്കുപറ്റി ചികിത്സ തേടേണ്ടി വന്നു. 

പിന്നാലെ സഹോദരന് എതിരെ എടവണ്ണ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതി ബാബു ഇര്‍ഫാനെതിരെ നിസാര വകുപ്പുകളിലാണ് പൊലീസ് കേസെടുത്തതെന്ന് സലീന എസ് പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇപ്പോഴും സഹോദരൻ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നുണ്ടന്നും സംരക്ഷണം തരണമെന്നും സലീന പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മകളെ അംഗീകരിച്ചതിന്‍റെ പേരില്‍ രണ്ടാം ഭാര്യയും മകനും വീട്ടില്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് സലീനയുടെ പിതാവും പറഞ്ഞു.

ചിന്നക്കനാല്‍ മേഖലയിലെ കാട്ടാന ആക്രമണം: 25 കി.മി ദൂരത്തില്‍ ഹാങ്ങിംഗ് ഫെന്‍സ്, പുതിയ പദ്ധതിയുമായി വനംവകുപ്പ്

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ (Chinnakanal) മേഖലയിലെ കാട്ടാന ആക്രമണം തടയാൻ വനംവകുപ്പ് പുതിയ പദ്ധതി സർക്കാരിന് സമർപ്പിച്ചു. 25 കിലോമീറ്റർ ദൂരത്തിൽ പുതിയ രീതിയിലുള്ള ഹാങ്ങിംഗ് ഫെൻസിംഗ് (Hanging Fence) നിർമ്മിക്കാനുള്ള പദ്ധതിയാണ് വനംവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമായത് പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ തുടർന്ന് ആക്രമണം തടയാനുള്ള വിവിധ പദ്ധതികൾ വനം വകുപ്പ് തയ്യാറാക്കി. ഇതിൽ ഈ മേഖലക്ക് അനുയോജ്യമായതെന്ന് കണ്ടെത്തിയത് ഹാങ്ങിംഗ് ഫെൻസിംഗ് ആണ്.

പരമ്പരാഗത രീതിയിലുള്ള സൗരോർജ്ജ വേലികൾ കടക്കാനുള്ള കുറുക്കുവഴികൾ കാട്ടാനകൾ വശമാക്കിയതും പുതിയ പദ്ധതിയ തയ്യാറാക്കാൻ കാരണമായി. ഒരു കിലോമീറ്റർ ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കാൻ ആറുലക്ഷം രൂപ ചെലവ് വരും. 25 കിലോമീറ്ററിനായി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ആക്രമണം കൂടുതൽ രൂക്ഷമായ സിങ്കു കണ്ടം, സൂര്യനെല്ലി, ചിന്നക്കനാൽ, പന്തടിക്കളം, എൺപതേക്കർ എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് ആദ്യം ഫെൻസിംഗ് നിർമ്മിക്കുക. ഇതിനുശേഷം കാട്ടാനകളുടെ സഞ്ചാര പഥം നിരീക്ഷിക്കും. 

ഫലപ്രദമെങ്കിൽ കൂടുതൽ സ്ഥലത്ത് ഇത് നിർമ്മിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. കേരള പൊലീസ് ഹൌസിംഗ് കൺസ്ട്രക്ഷൻ സൊസൈറ്റിക്ക് നിർമ്മാണ കരാർ നൽകാനാണ് വനംവകുപ്പ് ആലോചിക്കുന്നത്. ഇതോടൊപ്പം വനം വകുപ്പ് പെട്രോളിംഗും ശക്തമാക്കും. പെട്രോളിംഗിനായി പുതിയ വാഹനം അനുദിക്കുമെന്ന് വനംമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. വന്യമൃഗ സംഘർഷം കുറച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കാൻ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ കോർഡിനേഷൻ കമ്മറ്റിയും രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി, പ്രിന്‍സിപ്പൽ കൃഷി ഓഫീസര്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍, അഞ്ച് വനംവകുപ്പ് ഡിഎഫഒമാർ, രണ്ടു പരിസ്ഥിതി വിദഗ്ദ്ധർ തുടങ്ങിയവർ അടങ്ങുന്നതാണ് കോര്‍ഡിനേഷൻ കമ്മറ്റി.