അന്വേഷണത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലാണെന്ന് മനസിലാക്കി.കുട്ടിയുടെ ഫോണില്‍ നിന്ന് ഇയാളുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു.

മലപ്പുറം: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15 കാരിക്ക് തുണയായി പൊലീസ്. കഴിഞ്ഞ ദിവസം മഞ്ചേരിയിലാണ് ട്വിസ്റ്റുകൾക്കൊടുവിൽ ഫീൽഗുഡ് എൻഡിങില്‍ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയിൽ സംശയാസ്പദമായ രീതിയിൽ മൊബൈൽ ഫോൺ കണ്ടപ്പോള്‍ സഹോദരൻ അത് പിടിച്ചുവാങ്ങി വഴക്കു പറഞ്ഞു. ഇതോടെ താൻ പരാതി നൽകാൻ സ്റ്റേഷനിൽ പോവുകയാണെന്നറിയിച്ച് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി. പിന്നാലെ വീട്ടുകാരും മഞ്ചേരി സ്റ്റേഷനിലെത്തി. എന്നാല്‍ പെണ്‍കുട്ടി സ്റ്റേഷനില്‍ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ മനസിലാക്കുന്നത്. ഉടന്‍ തന്നെ പൊലീസ് വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തി.

അന്വേഷണത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലാണെന്ന് മനസിലാക്കി. കുട്ടിയുടെ ഫോണില്‍ നിന്ന് ഇയാളുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു. 'ഞാന്‍ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ തിരൂരിലേക്ക് വരികയാണ്, ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണം അത് തടയരുത്' എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. കേസിന്‍റെ ഗൗരവവും നിയമ വശവുമെല്ലാം ഇയാളെ പറഞ്ഞു മനസിലാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇയാള്‍ പിന്മാറാന്‍ തയ്യാറായില്ല. 

ഇതിനിടെ പെണ്‍കുട്ടി മറ്റൊരു ഫോണില്‍ നിന്ന് യുവാവിന്‍റെ നമ്പറിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി. ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ കുറ്റിപ്പുറത്തേക്ക് ബസിൽ യാത്ര ചെയ്യുന്ന ഒരു സ്ത്രീയുടേതാണെന്ന് മനസ്സിലായി. തിരൂർ ബസ് സ്റ്റാന്‍റിൽ താൻ കാത്തുനിന്നപ്പോൾ സഹോദരനെ വിളിക്കണമെന്ന് പറഞ്ഞ് ഒരു പെൺകുട്ടി ഫോൺ വാങ്ങിയിരുന്നതായി അവർ പറഞ്ഞു. ഇതോടെ മഞ്ചേരി സിപിഒ തിരൂർ എസ്ഐയെ വിവരങ്ങൾ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ ബസ് സ്റ്റാന്‍റില്‍ വിദ്യാർത്ഥിനിയെ കണ്ടെത്തി. ഉടൻ തന്നെ മഞ്ചേരി പൊലീസെത്തി വിദ്യാർത്ഥിനിയെ ഏറ്റെടുത്ത് പ്രശ്‌നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി. പെണ്‍കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. 

സംഭവം ശുഭമായി അവസാനിച്ചപ്പോഴാണ് അടുത്ത ട്വിസ്റ്റ്. തിരൂരിലെത്തിയ ആൺസുഹ്യത്തിന് കുറേ തിരഞ്ഞെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഇയാള്‍ മഞ്ചേരി പൊലീസുമായി ബന്ധപ്പെട്ടു. പിന്നീട് പൊലീസ് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചു.

Read More:പത്തിലേറെ കേസിൽ പ്രതി,ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കാപ്പ ചുമത്തി അറസ്റ്റ്; പിടിയിലായത് അന്തര്‍ ജില്ലാ ഗുണ്ട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം