Asianet News MalayalamAsianet News Malayalam

കോഴിക്കോട് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍; ഒരാൾ പിടിയിൽ, 5 പേര്‍ രക്ഷപ്പെട്ടു, 2 യുവാക്കളും കസ്റ്റഡിയിൽ

പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. 

girls missing from kozhikode were found in Bengaluru
Author
Bengaluru, First Published Jan 27, 2022, 6:33 PM IST

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് (Kozhikode Children Home) ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. അഞ്ചുപേർ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഒരാളെ പൊലീസില്‍ ഏല്‍പ്പിച്ചു. 

പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. കോഴിക്കോട്ട് നിന്ന് പൊലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു. ഇന്നലെ വൈകിട്ടാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായ ആറുപേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. 

സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  കമ്മീഷന്‍ അം​ഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ ജീവനക്കാര്‍ കുറവാണെന്നും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബബിത പറഞ്ഞു. പൊലീസിൽ അറിയിക്കാൻ വൈകിയതിനെ കുറിച്ച് റിപ്പോർട്ട് തേടിയിതായും വാർഡന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios