ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വത്തിൻ്റേയും സർക്കാരിന്റെയും പണം എടുക്കില്ലെന്നാണ് ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചത്. മുഴുവൻ തുകയും സ്പോൺസർമാരിൽ നിന്നാണെന്നും പറഞ്ഞിരുന്നു. 

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്ന് ഊരാളുങ്കലിന്‍റെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് മുൻകൂര്‍ അനുവദിച്ചത് മൂന്ന് കോടി രൂപയെന്ന വിവരം പുറത്ത്. സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പണം ചെലവാക്കുന്നില്ലെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയിരുന്ന ഉറപ്പ്. എന്നാൽ സ്പോൺസര്‍മാരുടെ പണം കിട്ടുമ്പോൾ പണം തിരിച്ചെടുക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം.

പമ്പയിൽ കെട്ടിയ പന്തലടക്കം ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചര്‍ കൺസ്ട്രക്ഷൻസ് പൂര്‍ത്തിയാക്കിയത് 8.2 കോടി രൂപയ്ക്കാണ്. ഇതിൽ 3 കോടി രൂപ മുൻകൂര്‍ അനുവദിച്ചാണ് ഉത്തരവ്. ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരം ദേവസ്വം കമ്മീഷണറാണ് പണം അനുവദിച്ചത്. ആഗോള അയ്യപ്പ സംഗമത്തിന് മുഴുവൻ ചെലവും സ്പോൺസര്‍മാര്‍ വഴിയെന്ന് സര്‍ക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചിരുന്നു. വരവു ചെലവ് കണക്ക് 45 ദിവസത്തിനകം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശവും ഉണ്ട്. ഇതിന് പിന്നാലെയാണ് പണം ദേവസ്വം ഫണ്ടിൽ നിന്ന് അനുവദിച്ചത്.

ചടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. പണം നൽകാൻ ബജറ്റ് നിര്‍ദ്ദേശം ഉണ്ട്. സംഗമത്തിന് സ്പോൺസര്‍മാരുണ്ട്. ഇവരിൽ നിന്ന് പണമെത്തുന്ന മുറയ്ക്ക് തിരിച്ച് വയ്ക്കും. ആസ്തി വികസനത്തിനുള്ള സര്‍പ്ലസ് ഫണ്ടിൽ നിന്നാണ് ബോര്‍ഡ് പണം ഇവന്‍ര് മാനേജ്മെന്റ് കമ്പനിക്ക് നൽകിയിട്ടുള്ളത്. സ്പോൺസര്‍മാരാരൊക്കെ എന്നോ എത്ര തുക സമാഹരിക്കാനായെന്നോ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടില്ല. തുക തിരിച്ച് വക്കുമെന്ന് ഉത്തരവിൽ സൂചനയും ഇല്ല. 

YouTube video player